X

‘ഇന്ത്യ’ സഖ്യം മോദിയുടെ മനഃശക്തി തകർത്തു; ജമ്മു കശ്മീരി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെങ്കിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് രാഹുൽ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ച് ജമ്മു കശ്മീരി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് അതിനായി കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ‘ഇന്ത്യ’ സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനഃശക്തി തകർത്തെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘രാജ്യത്തി​ന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി മാറുന്നത്. നിങ്ങളുടെ ജനാധിപത്യ അവകാശം കവർന്നെടുക്കപ്പെട്ടു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനാണ് ഞങ്ങൾ മുൻഗണന നൽകിയതെന്നും’ രാഹുൽ പറഞ്ഞു. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യ സ്ഥാനാർഥികളെ പിന്തുണച്ച് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു-കശ്മീർ ഭരിക്കുന്നത് ഡൽഹിയാണെന്നും തീരുമാനങ്ങൾ എടുക്കുന്നത് തദ്ദേശീയരല്ലാത്തവരാണെന്നും രാഹുൽ ആരോപിച്ചു. മതം, ജാതി, പ്രദേശം എന്നിവയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ആർഎസ്എസും ബിജെപിയും വിദ്വേഷം പടർത്തുകയാണ്. അവരെ നേരിടാൻ കോൺഗ്രസ് ‘വിദ്വേഷത്തി​ന്‍റെ വിപണികളിൽ സ്നേഹത്തി​ന്‍റെ കടകൾ’ തുറന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

90 അംഗ ജമ്മു-കശ്മീർ നിയമസഭയിലേക്കുള്ള മൂന്ന് ഘട്ട വോട്ടെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് യഥാക്രമം ബുധനാഴ്ചയും അടുത്ത മാസം ഒന്നിനും നടക്കും.

webdesk13: