X

ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം മുന്നില്‍; 13ല്‍ 11 സീറ്റിലും ലീഡ്

ഏഴു സംസ്ഥാനങ്ങളിലായി പതിമൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം സ്ഥാനാര്‍ഥികള്‍ മുന്നില്‍. വോട്ടെണ്ണല്‍ തുടങ്ങി മൂന്നു മണിക്കൂര്‍ പിന്നിടുമ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 13ല്‍ 11 ഇടത്തും ഇന്ത്യാ സഖ്യം ലീഡ് ചെയ്യുകയാണ്.

ഇന്ത്യാ സഖ്യത്തിലെ കോണ്‍ഗ്രസ്, എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ സ്ഥാനാര്‍ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. ഒരിടത്ത് ബിജെപിയും ഒരു സീറ്റില്‍ സഖ്യകക്ഷിയായ ജെഡിയുവും മുന്നിലാണ്.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, മധ്യ പ്രദേശ്, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ ആംആദ്മി പാര്‍ട്ടിയുടെ മൊഹിന്ദര്‍ ഭഗത്ത് 23,000ലേറെ വോട്ടിന്റെ ലീഡില്‍ ജയത്തിലേക്കു കുതിക്കുകയാണ്. കോണ്‍ഗ്രസിന്റെ സുരീന്ദര്‍ കൗര്‍ ആണ് രണ്ടാമത്.

ബംഗാളിലെ റായ്ഗഞ്ജ്, റാണാഘട്ട് ദക്ഷിണ്‍, ബാഗ്ദ, മണിക്ടാല എന്നീ നാലു മണ്ഡലങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി സ്ഖ്വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയുമായ കമലേഷ് താക്കൂര്‍ ദേഹ്‌റയില്‍ മുന്നിലെത്തി. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ കമലേഷ് പിന്നിലായിരുന്നു. നാലഗഢിലും കോണ്‍ഗ്രസിനാണ് ലീഡ്. ഹാമിര്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി ആശിഷ് ശര്‍മയാണ് മുന്നില്‍.

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പു നടന്ന ബദരിനാഥിലും മംഗലൗരിലും കോണ്‍ഗ്രസാണ് മുന്നില്‍. രണ്ടിടത്തും ബിജെപി സ്ഥാനാര്‍ഥികളാണ് രണ്ടാമത്.

മധ്യപ്രദേശിലെ അമര്‍വാഡില്‍ കോണ്‍ഗ്രസിന്റെ ധീരന്‍ ഷാ ഇന്‍വാതി നാലായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടി. തമിഴ്‌നാട്ടിലെ വിക്രവണ്ടിയില്‍ ഡിഎംകെ സ്ഥാനാര്‍ഥി അണ്ണിയൂര്‍ ശിവയാണ് മുന്നില്‍. ബിഹാറിലെ രുപോലിയില്‍ ജെഡിയുവിലെ കലാധര്‍ പ്രസാദ് മണ്ഡല്‍ അയ്യായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടി.

webdesk13: