കൊളംബൊ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന് കോലിപ്പട ഇന്നിറങ്ങുന്നത് ആദ്യ ടെസ്റ്റില്‍ നേടിയ 304 റണ്‍സിന്റെ കൂറ്റന്‍ ജയം നല്‍കിയ ആത്മ വിശ്വാസവുമായി. കൊളംബൊയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ വിജയം നേടി പരമ്പര സ്വന്തമാക്കാമെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്. അതേ സമയം രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യക്ക് ഓപണിങില്‍ ആരെ ഇറക്കുമെന്ന സംശയമാണ് കുഴക്കുന്നത്.
സ്ഥിരം ഓപണര്‍ കെ.എല്‍ രാഹുല്‍ പരിക്ക് മുക്തമായി തിരിച്ചെത്തിയതോടെ ശിഖര്‍ ധവാന്‍, അഭിനവ് മുകുന്ദ് എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. രാഹുല്‍ കളിക്കുന്ന കാര്യം ക്യാപ്റ്റന്‍ കോലി സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുല്‍ തങ്ങളുടെ അംഗീകൃത ഓപണറാണെന്നും അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിന് നല്‍കുന്ന സംഭാവന മികച്ചതാണെന്നും പറഞ്ഞ കോലി അദ്ദേഹത്തിന് ടെസ്റ്റില്‍ മടങ്ങിയെത്താന്‍ എന്തു കൊണ്ടും അര്‍ഹതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി (190) നേടിയ ശിഖര്‍ ധവാനും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ മുകുന്ദും(81) ഫോമിലാണെന്നതാണ് തെരഞ്ഞെടപ്പ് ബുദ്ധിമുട്ടാവാന്‍ കാരണം. എങ്കിലും ഒന്നാം ടെസ്റ്റില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ധവാനെ നിലനിര്‍ത്തി മുകുന്ദിനെ പുറത്തിരുത്താനാണ് സാധ്യത.
പിച്ച് സ്പിന്നിന് കൂടുതല്‍ അനുകൂലമാവുമെങ്കില്‍ ഹര്‍ദിക് പാണ്ഡ്യയെ പുറത്തിരുത്തി കുല്‍ദീപ് യാദവിന് അവസരം നല്‍കാനും സാധ്യതയുണ്ട്. അതേ സമയം ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ലങ്കക്ക് ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമലിന്റെ തിരിച്ചു വരവ് ആശ്വാസം പകരുന്നതാണ്. പരിക്കേറ്റ അസേല ഗുണരത്‌നക്കു പകരം ലാഹിരു തിരിമന്നയും ടീമിലെത്തിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയെ 3-0ന് തുരത്തിയ ലങ്കയുടെ നിഴല്‍ മാത്രമാണ് നിലവില്‍ ഏഴാം റാങ്കിലുള്ള ആതിഥേയരില്‍ പ്രകടമാവുന്നതെന്നത് ലങ്കന്‍ ടീമിനെ കുഴക്കുന്നുണ്ട്. അതിനിടെ ആദ്യ ടെസ്റ്റില്‍ ടീമിനെ നയിച്ച സ്പിന്നര്‍ രംഗന ഹെരാത് ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പരമ്പരയില്‍ മടങ്ങി വരവിന് ഒരുങ്ങുന്ന ലങ്കക്ക് ഹെരാത്തിന്റെ അഭാവം കനത്ത തിരിച്ചടിയാവും. മൂന്ന് സ്പിന്നര്‍മാരെ മത്സരത്തിനിറക്കുമെന്ന സൂചന ലങ്കന്‍ ക്യാപ്റ്റന്‍ നല്‍കിയിട്ടുണ്ട്. മലിന്ദ പുഷ്പകുമാര ലങ്കക്കുവേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതുന്നത്.
കൊളംബൊയിലെ എസ്.എസ്.സി ഗ്രൗണ്ടില്‍ ഇന്ത്യയുമായി എട്ട് മത്സരങ്ങള്‍ കളിച്ചതില്‍ നാല് മത്സരങ്ങള്‍ സമനില പാലിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ വീതം ഇന്ത്യയും ലങ്കയും വിജയിച്ചു. 1993 ല്‍ മുഹമ്മദ് അസ്ഹറുദ്ദീന് കീഴില്‍ നേടിയ 235 റണ്‍സിന്റെ വിജയത്തിന് ശേഷം 2015ലാണ് കൊളംബൊയില്‍ ഇന്ത്യ ഒരു ടെസ്റ്റ് വിജയിച്ചത്.