X

ഇന്ത്യ റഷ്യയോട്; പാകിസ്താനുമൊന്നിച്ചുള്ള സൈനികാഭ്യാസം തെറ്റായ നീക്കം

ന്യൂഡല്‍ഹി: ഭീകരാവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനുമായുള്ള സൈനിക സഹകരണം പുനഃപരിശോധിക്കണമെന്ന് റഷ്യയോട് ഇന്ത്യ. റഷ്യയുടെ നീക്കം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇന്ത്യ മുന്നറിയിപ്പു നല്‍കി.
വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് റഷ്യയെ അറിയിച്ചതായി റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി പങ്കജ് സരണ്‍ വ്യക്തമാക്കി. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ റിയ നൊവോത്സിക്ക് നല്‍കിയ മുഖാമുഖത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 15ന് പ്രസിഡണ്ട് വഌദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് വിഷയത്തില്‍ കടുത്ത നിലപാടുമായി ഇന്ത്യ രംഗത്തുവന്നത്.

കഴിഞ്ഞ സെപ്തംബറില്‍ പാകിസ്താനുമൊന്നിച്ച് നടത്തിയ സംയുക്ത സൈനികാഭ്യാസം സംബന്ധിച്ച് ആദ്യായാണ് ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പരസ്യമായി കടുത്ത ഭാഷയില്‍ സംസാരിക്കുന്നത്. പരമ്പരാഗതമായി റഷ്യയുമായി നല്ല ബന്ധമാണുള്ളതെന്നും ഇക്കാര്യത്തില്‍ ഒരു മാറ്റം ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും സരണ്‍ പറഞ്ഞു. റഷ്യയുമായി ചേര്‍ന്നുള്ള ഇന്ത്യയുടെ സൈനികാഭ്യാസം മുടക്കമില്ലാതെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, സൈനികാഭ്യാസത്തിനെതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പാണ് നയതന്ത്രതലത്തില്‍ ഉയര്‍ത്തിയിരുന്നത്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമം ആരംഭിച്ച ഘട്ടത്തിലായിരുന്നു പാകിസ്താനുമായുള്ള റഷ്യന്‍ സഹകരണം. പാക് സൈന്യവുമൊന്നിച്ചുള്ള റഷ്യയുടെ ആദ്യ സംയുക്ത സൈനികാഭ്യാസം കൂടിയായിരുന്നു സെപ്തംബറിലേത്.

അതേസമയം, ഭീകരരെ ലക്ഷ്യം വെച്ച് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ റഷ്യ ന്യായീകരിച്ചിരുന്നു. സ്വയം പ്രതിരോധിക്കാന്‍ ഏതു രാഷ്ട്രത്തിനും അവകാശമുണ്ട് എന്നായിരുന്നു ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ എം. കകാദിന്‍ പുറത്തിറക്കിയ പ്രസ്താവന. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ബ്രിക്‌സ് ഉച്ചകോടിക്കിടെ പുടിനുമായി ശനിയാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രധാന അജണ്ടയാകും. പ്രതിരോധം, സുരക്ഷ, പരസ്പര സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനപ്പെട്ട ചില കരാറുകളിലും ഇരുരാഷ്ട്രത്തലവന്മാരും ഒപ്പുവെക്കും. 14 മുതല്‍ 17 വരെയാണ് പുടിന്‍ ഇന്ത്യയിലുള്ളത്. ബ്രിക്‌സ് ഉച്ചകോടിക്കു പുറമേ, 17-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

റഷ്യയുമായുള്ള പ്രതിരോധ കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ദീര്‍ഘദൂര മിസൈല്‍ സവിധാനമായ ട്രിംഫ്, കമോവ് 28 ഹെലികോപ്ടറുകള്‍, സുഖോയ് വിമാനങ്ങളുടെ നവീകരണം എന്നിവയാണ് പ്രധാന കരാറുകള്‍. ഇടക്കാലത്ത് മുടങ്ങിപ്പോയ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ സംയുക്ത വികസനവും ചര്‍ച്ചകളില്‍ ഇടംപിടിക്കും. റഷ്യയില്‍ നിന്ന് അകുല ക്ലാസ് ആണവ അന്തര്‍വാഹിനികള്‍ പാട്ടത്തിനെടുക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.

chandrika: