ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് മറുപടിയുമായി ഇന്ത്യ. മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു. പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും വിദിഷ മൈത്ര യുഎന്നില്‍ പറഞ്ഞു.
‘ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പട്ടികയിലുള്ള 130 ഭീകരര്‍ക്കും 25 ഭീകരസംഘടനകള്‍ക്കും താവളം ഒരുക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇവര്‍ പാകിസ്ഥാനിലില്ലെന്ന് ഇമ്രാന്‍ ഖാന് ഉറപ്പ് തരാന്‍ കഴിയുമോ? യു.എന്‍ പട്ടികയിലുള്ള ഭീകരര്‍ക്ക് പാകിസ്ഥാന്‍ പെന്‍ഷന്‍വരെ നല്‍കുന്നു. പാക് പ്രധാനമന്ത്രി ഭീകരവാദത്തെയും ഒസാമ ബിന്‍ലാദനെയും ന്യായീകരിക്കുന്ന വ്യക്തിയാണ്. പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. ജമ്മുകാശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്നും വിദിഷ മൈത്ര പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ക്ക് പാക് പ്രധാനമന്ത്രിയെ ആവശ്യമില്ലെന്നും വിദിഷ മൈത്ര വ്യക്തമാക്കി.