ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനപരമായ നടപടി സ്വീകരിക്കുന്ന പാകിസ്താനു മുന്നറിയിപ്പുമായി ഇന്ത്യ. രാജ്യത്തിനു നേരെയുണ്ടാകുന്ന ഏതു പ്രകോപനപരമായ നടപടിക്കും കനത്ത തിരിച്ചടി നല്‍കേണ്ടി വരുമെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പാകിസ്താന്‍ അതിര്‍ത്തി സേനയായ പാകിസ്താന്‍ റേഞ്ചേഴ്‌സിലെയും ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെയും (ബി.എസ്.എഫ്) സീനിയര്‍ സെക്ടര്‍ കമാന്റര്‍മാരുടെ യോഗത്തിലാണ് മുന്നറിയിപ്പ്.
പാകിസ്താന്‍ നടത്തുന്ന ആക്രമണത്തിന് തുല്യവും അല്ലെങ്കില്‍ അതിലും ശക്തിയേറിയതുമായ തിരിച്ചടിയായിരിക്കും ഇന്ത്യ നല്‍കുകയെന്ന് ബി.എസ്.എഫ് വ്യക്തമാക്കി.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതിനാല്‍ ഏഴു മാസത്തിനു ശേഷമാണ് ഇരുകൂട്ടരും തമ്മിലുള്ള ഒരു ഫ്‌ളാഗ് മീറ്റിങ് നടക്കുന്നത്.
അതിര്‍ത്തിയില്‍ പാക്കിസ്താന്റെ പ്രകോപനപരമായ നടപടികള്‍ തുടരുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. അതിര്‍ത്തിയിലെ സുചേത്ഗഢ് മേഖലയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടു.