X
    Categories: NewsSports

അയര്‍ലന്‍ഡിനെതിരെ ഇന്ത്യ വീണ്ടും

ഡുബ്ലിന്‍: മഴയൊന്നും ഹാര്‍ദികിന്റെ ചെറുപ്പ സംഘത്തിന് പ്രശ്‌നമായിരുന്നില്ല. ദ്വിമല്‍സര ടി-20 പരമ്പര സ്വന്തമാക്കാന്‍ ഇന്ന് ഹാര്‍ദികും സംഘവുമിറങ്ങുമ്പോള്‍ മഴ തന്നെ പ്രശ്‌നം. സഞ്ജു സാംസണ്‍ എന്ന മലയാളിക്ക് ഇന്ന് പ്ലെയിംഗ് ഇലവനില്‍ അവസരമുണ്ടാവുമോ എന്ന ചോദ്യത്തിന് കോച്ച് വി.വി.എസ് ലക്ഷ്മണ്‍ പോസിറ്റീവായാണ് പ്രതികരിച്ചത്.

ആദ്യ മല്‍സരം മഴയുടെ ഇടപെടലിലും ഏഴ് വിക്കറ്റിന് സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്നും വെല്ലുവിളിയില്ല. 33 പന്തില്‍ 64 റണ്‍സ് വാരിക്കൂട്ടിയ ഹാരി ടെക്ടര്‍ എന്ന ബാറ്ററെ മാറ്റി നിര്‍ത്തിയാല്‍ ഐറിഷ് സംഘത്തിലെ ആരും ഇന്ത്യന്‍ ബൗളിംഗിന് ആദ്യ മല്‍സരത്തില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. മഴ മൂലം 12 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നാല് വിക്കറ്റിന് 108 റണ്‍സാണ് സ്വന്തമാക്കിയത്. മഴ മേഘങ്ങള്‍ തൂങ്ങി നിന്ന ആകാശത്തെ സാക്ഷി നിര്‍ത്തി ഇന്ത്യ പത്താം ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിജയം ഉറപ്പാക്കി. മൂന്ന് വിക്കറ്റിന് 22 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ശേഷം ഹാരിയുടെ വിളയാട്ടത്തിലാണ് ആതിഥേയര്‍ 100 കടന്നത്.

ഇന്ത്യക്കായി ഇഷാന്‍ കിഷന്‍ അതിവേഗതയില്‍ തുടങ്ങി. 11 പന്തില്‍ അദ്ദേഹം 26 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് മടങ്ങിവരവ് ഉപയോഗപ്പെടുത്താനായില്ല. ആദ്യ പന്തില്‍ തന്നെ മുംബൈക്കാരന്‍ പുറത്തായെങ്കിലും ഇഷാനൊപ്പം ഓപ്പണിംഗ് സ്ഥാനം കിട്ടിയ ദിപക് ഹുദക്കൊപ്പം നായകന്‍ ഹാര്‍ദികെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. 29 പന്തില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമായി ഹുദ പുറത്താവാതെ 47 റണ്‍സ് നേടി. മൂന്ന് സിക്‌സറുകള്‍ പായിച്ച ഹാര്‍ദിക് 12 പന്തില്‍ 24 റണ്‍സ് നേടി. ഇന്ത്യന്‍ നിരയില്‍ അരങ്ങേറിയ പേസര്‍ ഉമ്രാന്‍ മാലിക്കിന് ആദ്യ മല്‍സരത്തില്‍ കേവലം ഒരു ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്യാനായത്. 14 റണ്‍സും അദ്ദേഹം വഴങ്ങി. കളി രാത്രി ഒമ്പത് മുതല്‍.

Chandrika Web: