അബുദാബി:ആദ്യ മല്‍സരത്തില്‍ പാക്കിസ്താനോട് പത്ത് വിക്കറ്റ് തോല്‍വി. രണ്ടാം മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോട് എട്ട് വിക്കറ്റ് തോല്‍വി. ഇന്ന് മൂന്നാം മല്‍സരത്തില്‍ അഫ്ഗാനുമായി കളിക്കുന്ന വിരാത് കോലിയുടെ ഇന്ത്യ അതിസമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്. സ്വാഭാവിക സെമി സാധ്യതകളെല്ലാം അവസാനിച്ച സാഹചര്യത്തില്‍ ഇനി ചെയ്യാനുള്ളത് അവശേഷിക്കുന്ന മൂന്ന് മല്‍സരങ്ങള്‍ ജയിച്ചുകയറി ഭാഗ്യത്തിനായി കാത്തിരിക്കാമെന്നതാണ്. ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ന്യൂസിലാന്‍ഡ്, നമീബിയ എന്നിവര്‍ക്ക് താഴെ അഞ്ചാം സ്ഥാനത്താണ് നിലവില്‍ ടീം. ശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളല്‍ വലിയ റണ്‍ ശരാശരി നിലനിര്‍ത്തി ജയിക്കാന്‍ കഴിയുന്ന പക്ഷം ചെറിയ പ്രതീക്ഷകള്‍ നിലനിര്‍ത്താം.
പക്ഷേ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ കഴിയുന്നവരല്ല അഫ്ഗാനികള്‍. പാക്കിസ്താനെ വിറപ്പിച്ചു വിട്ടിരുന്നു അവര്‍. അന്തിമ ഘട്ടത്തില്‍ അസ്ഹര്‍ അലിയുടെ വെടിക്കെട്ടിലാണ് പാക്കിസാന്‍ ഓരോവര്‍ ബാക്കി നില്‍ക്കെ മല്‍സരത്തില്‍ വിജയം വരിച്ചത്. മൂന്ന് ലോകോത്തര സ്പിന്നര്‍മാര്‍ അഫ്ഗാന്‍ സംഘത്തിലുണ്ട്. റാഷിദ്ഖാന്‍, മുജിബ് റഹ്‌മാന്‍, മുഹമ്മദ് നബി എന്നിവര്‍. അബുദാബിയിലെ ട്രാക്കില്‍ സ്പിന്നര്‍മാര്‍ അരങ്ങ് തകര്‍ത്ത പാരമ്പര്യമുള്ളതിനാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പ്രാപ്തരാണ് മേല്‍പ്പറഞ്ഞ മൂന്ന് പേരും. പക്ഷേ ഇന്നലെ ഇതേ വേദിയില്‍ ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും കളിച്ചപ്പോല്‍ പേസര്‍മാരാണ് കരുത്തരായത്. ന്യൂസിലാന്‍ഡ് സ്പിന്നര്‍മാരായ സാന്റര്‍, ഇഷ് സോഥി എന്നിവര്‍ക്ക് മുന്നില്‍ തല താഴ്ത്താന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ മുന്‍നിരയുടെ സമ്മര്‍ദ്ദത്തിലേക്ക് റാഷിദും സംഘവും പന്തെറിഞ്ഞാല്‍ സമ്മര്‍ദ്ദം ഇരട്ടിയാവും. ഇന്ത്യന്‍ സംഘത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പാക്കിസ്താനെതിരെ കളിച്ച ഇലവനില്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയാണ് ഇന്ത്യ കിവിസിനെതിരെ കളിച്ചത്. സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍് കിഷനും ഭുവനേശ്വറിന് പകരം ശ്രാദ്ധൂല്‍ ഠാക്കൂറുമാണ് കളിച്ചത്. രണ്ട് പേരും പരാജയമായ സാഹചര്യത്തില്‍ സൂര്യകുമാറിനെ തിരികെ വിളിക്കും. ബൗളിംഗില്‍ മുഹമ്മദ് ഷമി സമ്മര്‍ദ്ദത്തില്‍പ്പെട്ട സാഹചര്യത്തില്‍ ഭുവനേശ്വര്‍ തിരികെ വരും. വരുണ്‍ ചക്രവര്‍ത്തിയായിരുന്നു രണ്ട് മല്‍സരങ്ങളിലും ഇന്ത്യയുടെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. രണ്ട് കളികളിലും ഒരു വിക്കറ്റ് പോലും നേടാന്‍ യുവതാരത്തിനായിരുന്നില്ല. ആകെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് രണ്ട് മല്‍സരങ്ങളിലെ ഇന്ത്യന്‍ സമ്പാദ്യം. ഈ രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറക്കായിരുന്നു. അദ്ദേഹം മാത്രമാണ് വിശ്വാസ്യത കാക്കുന്നത്. വരുണിന് പകരം ആര്‍. അശ്വിന്‍ ടീമിലെത്തും. ഓപ്പണര്‍മാരുടെ കാര്യത്തില്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കും. കെ.എല്‍ രാഹുലിനൊപ്പം രോഹിത് ശര്‍മ തന്നെ വരും. ബൗളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും അത്യാവശ്യ രാജ്യാന്തര വിലാസമുള്ളവര്‍ അഫ്ഗാന്‍ നിരയിലുണ്ട്. ഹസ്മത്തുല്ല ഷാഹിദി, ഹസറത്തുല്ല സസാസയി, നജീബുള്ള സദ്രാന്‍ എന്നിവരെല്ലാം നന്നായി ബാറ്റ് ചെയ്യും. ഓള്‍റൗണ്ടരായ നായകന്‍ മുഹമ്മദ് നബി വലിയ ഷോട്ടുകള്‍ക്ക് മിടുക്കനുമാണ്. ഇന്ത്യയെ പലവട്ടം വിറപ്പിച്ച പാരമ്പര്യവും അഫ്ഗാനികള്‍ക്കുണ്ട്. ടോസാണ് കോലി പ്രതീക്ഷിക്കുന്ന വലിയ ഘടകം. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും നാണയം അദ്ദേഹത്തിനൊപ്പമായിരുന്നില്ല. രണ്ട് മല്‍സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നപ്പോള്‍ ടീം ദുരന്തമായി മാറിയിരുന്നു. രാത്രി 7-30 നാണ് മല്‍സരം.
സാധ്യത ഇപ്രകാരം വിദൂരമായ സെമി സാധ്യതയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇന്ന് ഇന്ത്യക്ക് ചെയ്യാവുന്ന കാര്യം അഫ്ഗാനെതിരെ വന്‍വിജയം നേടുക എന്നതാണ്. അടുത്ത മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുന്ന സാഹചര്യം വന്നാല്‍ കൈകള്‍ മുകളിലേക്ക് ഉയര്‍ത്താം.