ലണ്ടന്‍: ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍. നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്കയെ 191 റണ്‍സില്‍ ചുരുട്ടിക്കെട്ടി 12 ഓവര്‍ ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ശിഖര്‍ ധവാന്‍ (78), ക്യാപ്ടന്‍ വിരാട് കോഹ്‌ലി (76 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിങ് അടക്കം ടീമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറന്നത്. ഇന്ന് നടക്കുന്ന ശ്രീലങ്ക – പാകിസ്താന്‍ മത്സരത്തിലെ വിജയികളാവും ഇന്ത്യയടക്കമുള്ള ഗ്രൂപ്പ് ബി.യില്‍ നിന്ന് സെമിയിലെത്തുന്ന മറ്റൊരു ടീം.
മികച്ച തുടക്കം ലഭിച്ച ശേഷം നാടകീയമായി തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ഐ.സി.സി ടൂര്‍ണമെന്റുകളിലെ തങ്ങളുടെ ദുര്‍വിധി തുടര്‍ന്നപ്പോള്‍ അവസരത്തിനൊത്തുയര്‍ന്ന കളി കാഴ്ചവെച്ചാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ രണ്ടുവിക്കറ്റിന് 116 എന്ന നിലയില്‍ നിന്നാണ് 191-ന് ഓള്‍ഔട്ട് എന്ന സ്ഥിതിയിലേക്ക് ആഫ്രിക്കക്കാര്‍ കൂപ്പുകുത്തിയത്. എ.ബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് മില്ലര്‍ എന്നിവരുടെ റണ്ണൗട്ട് അവരുടെ ഇന്നിങ്‌സിന്റെ താളംതെറ്റിച്ചു. ജസ്പ്രിത് ബുംറയും ഭുവനേശ്വര്‍ കുമാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ അവസാന ആറ് ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. ജെ.പി ഡ്യുമിനി (20) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങില്‍ രോഹിത് ശര്‍മയെ (12) ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായെങ്കിലും കോഹ്‌ലിയും ധവാനും ചേര്‍ന്ന രണ്ടാം വിക്കറ്റ് സഖ്യം കളി ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവന്നു. ഇരുതലയ്ക്കല്‍ നിന്നുമുള്ള പേസ് ആക്രമണത്തെ ക്ഷമാപൂര്‍വം നേരിട്ടു തുടങ്ങിയ ഇരുവരും പിന്നീട് ആക്രമണം നടത്തുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 128 റണ്‍സ് ചേര്‍ത്തതിനു ശേഷമാണ് ഇംറാന്‍ താഹിറിന്റെ പന്തില്‍ ഡുപ്ലസ്സിക്ക് ക്യാച്ച് നല്‍കിയത്. കോഹ്‌ലിക്കൊപ്പം യുവരാജ് സിങ് (23) പുറത്താവാതെ നിന്നു.