ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പിൻസീറ്റിലിരുത്തിയതിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. നരേന്ദ്രമോദിക്ക് വ്യക്തിവൈരാഗ്യം തീർക്കാനുള്ള ഇടമല്ല സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷവേദിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ മോദി സർക്കാർ അപമാനിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെ. സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ വിമർശനം.
ജനാധിപത്യത്തിൽ ഭരണകൂടത്തോളം തന്നെ പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ് പ്രതിപക്ഷവും. ഭരണാധികാരികൾ കണ്ടില്ല എന്ന് നടിക്കുന്ന ജനങ്ങളുടെ ശബ്ദം സഭകളിൽ ഉയർത്തുന്നത് പ്രതിപക്ഷമാണ്. ഇതു രണ്ടും ചേർന്നതാണ് ഇന്ത്യൻ ജനാധിപത്യം. എന്നാൽ വിവരവും വിദ്യാഭ്യാസവും വിവേകവും ഇല്ലാത്ത നരേന്ദ്രമോദിയെ പോലൊരാൾ ഭരിച്ചാൽ എന്തായിരിക്കും ജനാധിപത്യത്തിന്റെ ഭാവി എന്ന് തെളിയിക്കുന്ന സംഭവമാണ് സ്വാതന്ത്ര്യദിന ആഘോഷവേളയിൽ രാജ്യം കണ്ടത്.
ഭരണപക്ഷത്തോടൊപ്പം തന്നെ പ്രാധാന്യം നൽകി മുൻനിരയിൽ ഇരിപ്പിടം കിട്ടേണ്ട ആളാണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് അർഹിക്കുന്ന പ്രാധാന്യം നൽകാതെ വരുമ്പോൾ പരാജയപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളാണ്. ഇന്ത്യയിലെ ജനങ്ങളാണ്. ഈ അനീതികൾക്കൊക്കെയും മോദിയെക്കൊണ്ട് മറുപടി പറയിക്കുന്ന കാലം ഈ മണ്ണിൽ അധികം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ 78ാമത് സ്വാതന്ത്ര്യദിനാഘോഷവേളയിൽ രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോള്‍. പത്ത് വര്‍ഷത്തിനു ശേഷമാണ് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. കുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്.
എന്നാൽ അവസാന നിരയിലാണ് രാഹുലിന് ഇരിപ്പിടം അനുവദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നത്. മനു ഭക്കർ, സരബ്ജ്യോത് സിങ് തുടങ്ങിയ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായിരുന്നു മുൻ നിരയില്‍. ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മലയാളി താരം പി.ആർ ശ്രീജേഷ് എന്നിവര്‍ക്കും രാഹുൽ ഗാന്ധിക്ക് മുന്നിലാണ് ഇരിപ്പിടം കിട്ടിയത്.
മുൻനിരയിൽ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, എസ് ജയശങ്കർ എന്നിവർ ഉണ്ടായിരുന്നു. കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ പദവി ലോക്സഭയിലെ പ്രതിപക്ഷ നേതാവിനുണ്ടായിരിക്കെയാണ് ഇവർക്കൊപ്പം പരിഗണിക്കാതെ പിന്‍നിരയിൽ സീറ്റ് അനുവദിച്ചത്.