X
    Categories: gulfNews

ജ്വലിക്കുന്ന ഓർമ്മകൾക്ക് ഏഴര പതിറ്റാണ്ട്; സ്വാതന്ത്ര്യദിനം സഊദിയിൽ സമുചിതമായി ആഘോഷിച്ചു

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഏഴര പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജ്വലിക്കുന്ന ഓർമകളുമായി ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം സഊദിയിൽ സമുചിതമായി ആഘോഷിച്ചു. തത്സഥാന നഗരിയിലെ എംബസ്സി ആസ്ഥാനത്ത് രാവിലെ നടന്ന ആഘോഷത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പതാക ഉയർത്തി. ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും പതാക ഉയർത്തി. ആസാദി ക അമൃത് മഹോത്സവ് എന്ന് ആലേഖനം ചെയ്‌ത ആഘോഷ പരിപാടിയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു.

കോവിഡ് പ്രതിസന്ധിക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യക്കാരുടെ ക്ഷേമത്തിനും സഊദി ഭരണകൂടം സജീവ പരിഗണന നൽകുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. 24 ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി സർവ സൗകര്യങ്ങളും ഒരുക്കി തരുന്ന സഊദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യയുടെ കടപ്പാട് അംബാസഡർ രേഖപ്പെടുത്തി.

ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിൽ രാജ്യത്തുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തുകയും ഈ രാജ്യത്തെ നിയമങ്ങൾ അക്ഷരം പ്രതി പാലിക്കുകയും ചെയ്യണമെന്ന് അംബാസഡർ ഇന്ത്യൻ സമൂഹത്തോട് ഉണർത്തി. കോവിഡ് പ്രതിസന്ധിയിൽ പെട്ട് ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളെ സഊദിയിലേക്ക് തിരിച്ചെത്തിക്കുന്നതിന് സഊദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും നേരിട്ടുള്ള വിമാന സർവീസിന് ശ്രമം തുടരുകയാണെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യാ രാജ്യത്തിൻറെ അഖണ്ഡതക്കും സുരക്ഷക്കുമായി ധീരമായി പോരാടി വീരമൃത്യു വരിച്ച ജവാന്മാർക്ക് അംബാസ്സഡർ ആദരാഞ്ജലി അർപ്പിച്ചു.

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിഅലുംനി അസോസിയേഷൻ അംഗങ്ങൾ സംഘടിപ്പിച്ച രക്തദാന ക്യാമ്പും അംബാസഡർ ഉദ്ഘാടനം ചെയ്തു. എംബസ്സി ജീവനക്കാരുടെയും ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും വിവിധ സാംസ്കാരിക പരിപാടികൾ നടന്നു . ചടങ്ങിൽ വെച്ച് ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് അർഹനായ ഡോ. സിദ്ദീഖ് അഹമ്മദിന് അംബാസഡർ അവാർഡും രാഷ്ട്രപതിയുടെ സർട്ടിഫിക്കറ്റും സമ്മാനിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസ്സി ലുലു ഗ്രൂപ്പുമായി സഹകരിച്ച് ആഗസ്റ്റ് 11 മുതൽ 16 വരെ ഇന്ത്യ-സഊദി ഉത്സവം നടത്തി വരുന്നുണ്ട് . കഴിഞ്ഞ ദിവസം ഫെസ്റ്റിവൽ അംബാസഡർ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ലുലുവിൽ പ്രദർശനത്തിനെത്തിയ ഇന്ത്യയിൽ നിന്നുള്ള നിരവധി ഉപഭോക്തൃ ഉൽപ്പന്നങ്ങളും പഴങ്ങളും പച്ചക്കറികളും ഇന്ത്യൻ തുണിത്തരങ്ങളും വിലക്കിഴിവിൽ നൽകുന്നുണ്ട്. റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒരാഴ്ചയായി നടക്കുന്ന ഉത്സവം തിങ്കളാഴ്ച്ച അവസാനിക്കും. ആഘോഷത്തിൽ ഇന്ത്യൻ സമൂഹത്തിൽ നിന്ന് പരിമിതമായ പേർ മാത്രമാണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ എംബസിയിലും കോൺസുലേറ്റിലും പതിവ് പോലെയുള്ള ജനക്കൂട്ടമുണ്ടായില്ല.

മഹാമാരിക്കാലത്തെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ജിദ്ദ കോൺസുലേറ്റും ഇന്ത്യൻ സമൂഹത്തിനുള്ള സേവനങ്ങൾ നൽകുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ടെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഇന്ത്യൻ ഇൻ ജിദ്ദ എന്ന ആപ്പ് വഴി നിരവധി സേവനങ്ങൾ ഇന്ത്യൻ സമൂഹത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്നുണ്ട്. മക്കയിലും ജിസാനിലും എംബസ്സി സേവനകേന്ദ്രങ്ങളായ വി എഫ് എസ് സെന്ററുകൾ പുതുതായി പ്രവർത്തനം ആരംഭിച്ചു. സഊദിയുടെ ഉൾഭാഗങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ സെന്ററുകൾ തുറക്കാൻ പദ്ധതിയുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. സഊദിയിലുള്ള ഓരോ ഇന്ത്യക്കാരനും രാജ്യത്തിൻറെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കണമെന്നും നിയമ വിധേയമായി തൊഴിലെടുക്കുകയും അച്ചടക്കത്തോടെ ജീവിക്കുകയും ചെയ്യണമെന്നും മുഹമ്മദ് ഷാഹിദ് ആലം പ്രവാസികളെ ഉണർത്തി.

web desk 1: