ന്യൂഡല്‍ഹി: ബാങ്ക് ഇടപാട് നടത്തുന്നവരെ തിരിച്ചറിയാന്‍ ഇനി മഷിയടയാളവും രേഖപ്പെടുത്തും. തുടര്‍ച്ചയായി അസാധു നോട്ടുകള്‍ ഒരാള്‍ തന്നെ മാറ്റുന്നത് തടയാനാണ് പുതിയ നടപടി. നോട്ടു മാറുന്നവരുടെ വിരലില്‍ മഷികൊണ്ട് അടയാളമിടും.കേന്ദ്ര ധനമന്ത്രാലയമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇലക്ഷന് സമാനമായ രീതിയാണിത്. വ്യത്യസ്ത ഐഡി പ്രൂഫുകള്‍ കൊണ്ടും അല്ലാതെയും ഒരാള്‍ക്ക് എത്ര തവണയും ബാങ്കില്‍ നിന്ന് പണം മാറ്റാന്‍ അവസരമുണ്ടായിരുന്നു. ഇതിന്റെ പരിധി ആദ്യം നാലായിരവും പിന്നീട് 4500 രൂപയുമായി ഉയര്‍ത്തിയിരുന്നു.
ഇപ്പോള്‍ തന്നെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട വരിയാണ്. പുതിയ പ്രഖ്യാപനം വന്ന് ഒരാഴ്ചയോട് അടുത്തിട്ടും വരി കൂടുകയല്ലാതെ കുറയുന്നില്ല. ഒരാള്‍ തന്നെ കൂടുതല്‍ തവണ വരിയില്‍ നില്‍ക്കുന്നത് പുതുതായി വരുന്നവര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് കണ്ടാണ് മഷി പുരട്ടാനുള്ള നീക്കം. എന്നാല്‍ ഇക്കാര്യം എങ്ങനെ നടപ്പില്‍ വരുത്തണമെന്ന കാര്യങ്ങളൊന്നും വ്യക്തത വന്നിട്ടില്ല. ഇനി ഇതിനായി പുതിയ സൗകര്യങ്ങള്‍ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും കണ്ടത്തേണ്ടി വരും. അത് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുന്നുവെന്ന് വരും നാളുകളില്‍ കണ്ടറിയേണ്ടി വരും.
ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങളെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത് ദാസ് അറിയിച്ചു.