കോഴിക്കോട്: വൈദ്യുതി നിരക്ക് കൂട്ടിയ സംസ്ഥാന സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധം തീർക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. യൂണിറ്റിന് 16 പൈസ കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, മുൻസിപ്പൽ, മേഖലാതലങ്ങളിൽ ഡിസംബർ 8ന് ഞായറാഴ്ച പന്തംകൊളുത്തി പ്രകടനം നടത്തും.
ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി ചാർജിൽ വന്ന വർധനവ് താങ്ങാവുന്നതല്ല. അടുത്ത വർഷം 12 പൈസയും വർധിപ്പിക്കുന്നതിനാൽ യൂണിറ്റിന് 2025 ഏപ്രിൽ മുതൽ 28 പൈസ ഉപഭോക്താക്കൾ അധികം നൽകേണ്ടിവരും. 2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അഞ്ച് തവണ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. അവിശ്യ സാധനങ്ങളുടെ അമിത വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരനെ കൂടുതൽ ഷോക്കടിപ്പിക്കുന്ന നയമാണ് ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതും ഭീമമായ ശമ്പള വർധനവ് നടത്തിയതിൽ ഉണ്ടായ അധിക ബാധ്യതയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയർത്തി കൊണ്ട് വരുന്നതിൻ്റെ ഭാഗമായാണ് ഇന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തുന്നത്. ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുന്ന പിണറായി സർക്കാറിനെതിരെ ഉയരുന്ന പ്രതിഷേധം വൻ വിജയമാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അറിയിച്ചു.