കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് ഗൗരവത്തില്‍ പരിശോധിക്കേണ്ട കാര്യമാണെന്നും കേരളം സുരക്ഷിതമല്ലെന്ന സന്ദേശം സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചയെ ബാധിക്കുമെന്നും പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകോത്തര നിലവാരത്തിലേക്ക് ഉയരേണ്ട കേരള പോലീസിന്റെ പ്രൊഫഷണലിസം എന്ത് കൊണ്ട് ഇങ്ങനെ താഴേക്ക് പോയി എന്നത് പരിശോധിക്കേണ്ട വസ്തുതയാണ്. അമിതമായ രാഷ്ട്രീയ ഇടപെടലും, നിയന്ത്രണവും ആണോ ഈ അപമാനത്തിന് കാരണമെന്ന് പരിശോധിക്കണം. കേരളം ഒരു സുരക്ഷിത സംസ്ഥാനമല്ല എന്ന ഖ്യാതി പരക്കുന്നത് സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചയെ തകരാറിലാക്കും.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളും കേട്ടുകേള്‍വിയില്ലാത്ത കുറ്റകൃത്യങ്ങളും കേരളത്തില്‍ വര്‍ദ്ധിക്കുന്നു. നിയമസഭ ഈ വിഷയം ചര്‍ച്ച ചെയ്ത് കേരളത്തിലെ പോലീസിനെ മെച്ചപ്പെടുത്താനുള്ള വഴി ആലോചിക്കണം. -അദ്ദേഹം വ്യക്തമാക്കി.