യുഎഇയില്‍ (UAE) സന്ദര്‍ശക വിസയ്ക്ക് അനുമതി ലഭിക്കുന്നതില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നതായി യുഎഇ വൃത്തങ്ങള്‍. 2024 നവംബറിലാണ് യുഎഇയില്‍ പുതുക്കിയ വിസാ ചട്ടം പ്രാബല്യത്തില്‍ വന്നത്. തൊട്ടുപിന്നാലെ വിസാ ചട്ടത്തെക്കുറിച്ച് അധികൃതരും ട്രാവല്‍ ഏജന്‍സികളും ബോധവൽക്കരണ ക്യാമ്പെയ്‌നുകളും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സന്ദര്‍ശക വിസകളുടെ അംഗീകാരം വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുതുക്കിയ വിസ നിബന്ധനകള്‍ അപേക്ഷകര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. റിട്ടേണ്‍ എയര്‍ടിക്കറ്റ്, താമസസൗകര്യത്തിനുള്ള രേഖകള്‍, നിശ്ചിത കരുതല്‍ തുക എന്നീ നിബന്ധനകള്‍ അപേക്ഷകര്‍ കൃത്യമായി പാലിക്കുന്നതാണ് സന്ദര്‍ശക വിസ അനുമതി വര്‍ധിക്കാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ പറഞ്ഞു.
2024ലെ ആദ്യ 11 മാസങ്ങളില്‍ ദുബായില്‍ 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ ഒമ്പത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. റിട്ടേണ്‍ എയര്‍ ടിക്കറ്റ്, താമസസൗകര്യം തുടങ്ങിയ വിവരങ്ങള്‍ അപേക്ഷകര്‍ നല്‍കേണ്ടത് പ്രധാനമാണെന്ന് യുഎഇയിലെ ട്രാവന്‍ ഏജന്റുമാര്‍ പറയുന്നു. എല്ലാ രേഖകളും കൃത്യമായി നല്‍കുന്ന അപേക്ഷകരുടെ വിസയ്ക്ക് അനുമതി ലഭിക്കുന്നുവെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
നിലവില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും സന്തുലിതമായ സമീപനമാണ് യുഎഇ പിന്തുടരുന്നത്. വിസ അനുമതിയ്ക്കായി കര്‍ശനമായ പരിശോധനകളും നടത്തിവരുന്നുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. വരുംമാസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.