X

വിധിയിലെ പൊരുത്തക്കേടുകള്‍- അലി മുഹമ്മദ് തയ്യില്‍

അലി മുഹമ്മദ് തയ്യില്‍

ഹിജാബിന്റേത് യഥാര്‍ഥത്തില്‍ മതപരമായ ശാസനയല്ല എന്നും അതു സാംസ്‌കാരികമായിട്ടുള്ള (കള്‍ച്ചറല്‍) രീതിയാണെന്നും കോടതി നിരീക്ഷിക്കുന്നു. അതിനടിസ്ഥാനമായി കോടതി കാണുന്ന കാരണങ്ങള്‍ ഹിജാബ് ഇസ് ലാമില്‍ നിര്‍ദ്ദേശമായി വരുന്നതിനുമുമ്പ് തന്നെ അറേബ്യയിലും മറ്റും ഈ രീതി നിലവിലുണ്ടായിരുന്നു എന്നും മറ്റ് പല സമൂഹങ്ങളും ഇത് അനുവര്‍ത്തിച്ചിരുന്നു എന്നുമൊക്കെയാണ്. മതത്തില്‍ ഒരു കാര്യം അനുശാസിച്ചാല്‍ അത് അതിന് മുമ്പ് മറ്റ് പല സമൂഹങ്ങളിലും നിലനിന്നിരുന്നതാണ് എന്നതുകൊണ്ട് മാത്രം മതശാസനകളുടെ സ്വഭാവം നഷ്ടപ്പെടുകയില്ല. നിര്‍ബന്ധമാക്കപ്പെട്ട വ്രതാനുഷ്ഠാനം വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളോട് അനുശാസിക്കുമ്പോള്‍ തന്നെ അത് മുമ്പുള്ള സമൂഹങ്ങള്‍ക്കും കല്‍പ്പിക്കപ്പെട്ടതായിരുന്നു എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്.

സുപ്രീംകോടതി സൈറാബാനു (മുത്തലാഖ്) കേസില്‍ മുത്തലാഖിനെ നിരോധിച്ച കാര്യം ഈ കേസില്‍ കോടതി ഉദ്ധരിക്കുകയും അതിനെ ഈ കേസില്‍ കോടതി സൂചിപ്പിച്ച സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് ഹിജാബ് ധാരണത്തെയും വിലയിരുത്തുകയും ഹിജാബ് നിരോധനത്തെ അതിന്റെ വെളിച്ചത്തില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായും കാണുന്നത് രണ്ട് കേസുകളിലെ വിഷയങ്ങളോടും സാഹചര്യങ്ങളോടും പൊരുത്തപ്പെട്ടുപോകുന്നില്ല എന്ന് മനസ്സിലാക്കാവുന്നതാണ്. ഒന്നില്‍ സ്ത്രീകള്‍ നേരിടുന്ന അനീതി തന്നെ ചര്‍ച്ചാവിഷയമായി ഉയര്‍ന്നുകാണുമ്പോള്‍ മുസ്‌ലിം മത പണ്ഡിതന്മാര്‍ക്കോ മുസ്‌ലിംകള്‍ക്ക് പൊതുവെയോ തര്‍ക്കമില്ലാത്തതും തീര്‍ത്തും നിരുപദ്രവകരവുമായതും മുസ്‌ലിം സ്ത്രീകള്‍ തന്നെ മൗലികാവകാശമായി ഉന്നയിച്ചിട്ടുള്ളതുമായ ഹിജാബ് ധാരണത്തിനുള്ള അവകാശത്തെ ആദ്യത്തേതുമായി സമീകരിച്ചുകൊണ്ട് ഹിജാബ് നിരോധനത്തിനുള്ള ന്യായീകരണം കാണുകയാണ്. ബിജോയ് ഇമ്മാനുവല്‍ കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ട് ഈ കേസില്‍ അതു ബാധകമാകുന്നില്ല എന്ന കോടതിയുടെ നിരീക്ഷണം ശരിയായില്ല എന്ന് പറയേണ്ടിവരുന്നു. പ്രസ്തുത കേസ് ക്രിസ്ത്യന്‍ മതസമൂഹത്തിലെ യഹോവ സാക്ഷികള്‍ എന്ന പ്രത്യേക വിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നു. ആ വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമെന്ന നിലയില്‍ സ്‌കൂള്‍ പ്രാര്‍ഥനാവേളയില്‍ ദേശീയഗാനം ആലപിക്കുന്നതിന് വിസമ്മതിച്ചു. മദ്രാസ് ഹൈകോടതി അത് അംഗീകരിച്ചില്ലെങ്കിലും സുപ്രീംകോടതി കുട്ടികളുടെ വിശ്വാസത്തെ മാനിച്ചു അവരുടെ ആ പ്രവര്‍ത്തിയെ അംഗീകരിക്കുകയും പ്രസ്തുത വിധി ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്തത്. ആ കേസില്‍ ഉള്‍പ്പെട്ട കുട്ടികളുടെ നിലപാട് ഈ കേസിലെ വിദ്യാര്‍ഥിനികളുടേതിനേക്കാള്‍ ഗൗരവമേറിയതായിരുന്നു എന്ന് പറയാവുന്നതാണ്. എന്നിട്ടുപോലും സുപ്രീംകോടതി ആ വിദ്യാര്‍ഥികളുടെ നിലപാടിനെ വിശ്വാസ സംരക്ഷണത്തിനുള്ള അവരുടെ മൗലികാവകാശമായി അംഗീകരിക്കുകയാണുണ്ടായത്. പക്ഷേ ഈ കേസില്‍ കോടതി ആ വിധിയെ ഇതിലെ ഹരജിക്കാര്‍ക്ക് അനുകൂലമായി കാണുന്നില്ല. കോടതിയുടെ നിലപാടിനുള്ള ന്യായീകരണമായി കോടതി നല്‍കുന്ന ചില സൂചനകള്‍ വിചിത്രമായി തോന്നുന്നു. ബിജോയ് ഇമ്മാനുവല്‍ കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ മറ്റു നിലക്ക് നിയമത്തെ അനുസരിക്കുന്നവരായിരുന്നു എന്നും അവര്‍ ദേശീയ ഗാനാലാപനത്തെ തടസ്സപ്പെടുത്തിയിരുന്നില്ല എന്നും മറ്റുള്ളവര്‍ അത് ആലപിക്കുമ്പോള്‍ ശല്യം ചെയ്തിരുന്നില്ല എന്നുമൊക്കെയാണ് അത്. ഇത് വ്യംഗമായി സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.

മതവിശ്വാസികള്‍ക്ക് ഭരണഘടനാ അനുഛേദം 25 ന്റെ സംരക്ഷണം ലഭിക്കണമെങ്കില്‍ പ്രസ്തുത ആചാരം മതത്തിന്റെ അനിവാര്യമായ ഘടകമായിരിക്കണം എന്ന് സുപ്രീംകോടതി വിധികളും മറ്റും ഉദ്ധരിച്ചുകൊണ്ട് കോടതി വിശദീകരിക്കുന്നുണ്ട്. കോടതി തന്നെ ഉദ്ധരിച്ച വിശുദ്ധ ഖുര്‍ആന്‍ ശാസനകള്‍ കൊണ്ടും പ്രവാചകനിര്‍ദ്ദേശങ്ങള്‍കൊണ്ടുമൊക്കെ തന്നെ ഹിജാബ് ധാരണം മുമ്പ് സൂചിപ്പിച്ചപോലെ നിര്‍ബന്ധമായ മതാചാരമാണ് എന്ന് കാണാവുന്നതാണ്. ഇതു സംബന്ധമായി കോടതി ഉദ്ധരിക്കുന്ന കേരള ഹൈകോടതിയിലെ ജസ്റ്റിസ് മുഷ്താക്കിന്റെ വിധിയില്‍ തന്നെ ഹിജാബ് ധാരണം വിശുദ്ധഖുര്‍ആനും പ്രവാചക വചനങ്ങളും (ഹദീസ്) നിര്‍ബന്ധമായി നിര്‍ദ്ദേശിച്ച കാര്യമാണെന്ന് കാണുന്നു. പക്ഷേ ഇവിടെ കോടതി ആ വിധിയില്‍ നിന്ന് തന്നെ ഇത് നിര്‍ബന്ധമല്ലാത്തതായി വ്യത്യാസപ്പെടുത്തി വായിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ആ വിധിയിലെ വാചകത്തെ ആശ്രയിച്ചുകൊണ്ടാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന വാചകം. മതത്തിലെ പല ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ചും മതവിശ്വാസികള്‍ക്കിടയില്‍ തന്നെ പല അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സാമാന്യമായി സര്‍വാംഗീകൃതവും അടിസ്ഥാനപ്രമാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നതുമായ ആചാരാനുഷ്ഠാനങ്ങളെ നിരാകരിക്കാനുള്ള കാരണമല്ല. ഭരണഘടന പ്രത്യേകിച്ച് അനുഛേദം 25 മതവിശ്വാസം പുലര്‍ത്താനും ആചരിക്കാനും ഒക്കെ നല്‍കുന്ന മൗലികാവകാശം ഓരോ വിഭാഗങ്ങള്‍ക്കുമെന്ന പോലെ വ്യക്തികള്‍ക്കുമാണ് എന്ന് മനസ്സിലാക്കേണ്ടതാണ്.

ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഭരണഘടനയുടെ തന്നെ അടിസ്ഥാന മൂല്യങ്ങളായ വ്യക്തി സ്വാതന്ത്ര്യം, വ്യക്തിയുടെ അന്തസ്, തുല്യത തുടങ്ങിയവയെ ലംഘിക്കുന്ന വിധത്തിലാവാന്‍ പാടില്ല എന്ന തത്വം കോടതി ഈ കേസില്‍ സുപ്രീംകോടതിയുടേതടക്കമുള്ള ഇത് സംബന്ധമായ നിരീക്ഷണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് എടുത്തുപറയുന്നുണ്ട്. പക്ഷേ ആ നിരീക്ഷണങ്ങളെല്ലാം അതതു കേസുകളില്‍ ഉള്‍പ്പെട്ട വിഷയങ്ങളുമായി യോജിക്കുന്നവയായിരുന്നു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇവിടെ ഒരു പറ്റം വിദ്യാര്‍ഥിനികള്‍ക്ക് അവരുടെ മതവിശ്വാസപ്രകാരം വിദ്യാലയങ്ങളില്‍ യൂണിഫോമിന് വിരുദ്ധമാവാത്ത രീതിയില്‍ അതേ നിറത്തിലുള്ള ഹിജാബ് കൂടി ധരിക്കാനുള്ള അവകാശം നല്‍കിയാല്‍ മേല്‍പറഞ്ഞ ഭരണഘടനാമൂല്യങ്ങള്‍ക്ക് എന്ത് കോട്ടമാണ് സംഭവിക്കുക എന്ന് ഒട്ടും മനസ്സിലാവുന്നില്ല.

മൗലികാവകാശങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള ന്യായയുക്തമായ നിയന്ത്രണങ്ങള്‍ (റീസണബിള്‍ റെസ്ട്രിക്ഷന്‍സ്) ഭരണകൂടം കൊണ്ടുവരുമ്പോള്‍ ഏതൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണോ പ്രസ്തുത നിയന്ത്രണങ്ങള്‍ കൊണ്ട്‌വരാന്‍ ഉദ്ദേശിക്കുന്നത് ആ ലക്ഷ്യവുമായി ഈ നിയന്ത്രണങ്ങള്‍ക്ക് യുക്തി ഭദ്രമായ ബന്ധം (റേഷണല്‍ നെക്‌സസ്) വേണമെന്നാണ് നിയമം. ഏതെങ്കിലും തരത്തിലുള്ള ഒരു ബന്ധം ഉണ്ടായാല്‍ പോര. ഇവിടെ അത്തരത്തിലുള്ള ഒരു ബന്ധം ചൂണ്ടികാണിക്കപ്പെട്ടിട്ടില്ല-അവസാനിച്ചു.
(റിട്ട. ജില്ലാ ജഡ്ജിയാണ് ലേഖകന്‍)

Test User: