X

ആദായ നികുതി റിട്ടേണ്‍: തിയതി നീട്ടി

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി നീട്ടി. ഈ മാസം 31ല്‍ നിന്ന് ഓഗസ്റ്റ് 31-ലേക്ക് നീട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന ആവശ്യം പരിഗണിച്ചാണ് തിയതി നീട്ടിയതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

ടാക്‌സ് ഓഡിറ്റ് ഉള്ളവര്‍ക്കും ഓഡിറ്റും ഉള്ള സ്ഥാപനത്തിലെ ശമ്പളം പറ്റുന്ന പാര്‍ട്ണര്‍മാര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 30ആണ്.
റിട്ടേണ്‍ നല്‍കാന്‍ ബാധ്യസ്ഥരായവര്‍ വൈകി സമര്‍പ്പിച്ചാല്‍ വരുമാനമോ നികുതി ബാധ്യതോ കണക്കിലെടുക്കാതെ പിഴ ചുമത്തും.

അവസാന തിയതിയായ ഓഗസ്റ്റ് 15 കഴിഞ്ഞ്, ഡിസംബര്‍ 31 വരെ സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് 5000 രൂപയും ഇതിനു ശേഷം സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് 10,000 രൂപയുമാണ് പിഴ. അഞ്ചു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ചെറുകിട നികുതിദായകര്‍ക്കുള്ള പിഴ പരമാവധി 1000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഐടിആര്‍ ഒന്നു മുതല്‍ നാലു വരെയുള്ള റിട്ടേണ്‍ ഫോമുകളില്‍ അനുയോജ്യമായത് തെരഞ്ഞെടുക്കണം. വരുമാന സ്രോതസ്സിനെ അടിസ്ഥാനമാക്കിയാണ് റിട്ടേണ്‍ ഫോമുകള്‍ നിശ്ചയിച്ചിരുന്നത്.

ഇ-ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ ഇലക്ട്രോണിക് ഒപ്പിട്ടല്ല സമര്‍പ്പിക്കുന്നതെങ്കില്‍ റിട്ടേണ്‍ കൊടുത്ത് 120 ദിവസത്തിനുള്ളില്‍ ഐടിആര്‍-വിയിലുള്ള അക്‌നോളജ്‌മെന്റ് കയ്യൊപ്പിട്ട്-പോസ്റ്റ് ബാഗ് നമ്പര്‍ 1, ഇലക്ട്രോണിക്‌സ് സിറ്റി ഓഫീസ്, ബംഗളൂരു, കര്‍ണാടക-560500 എന്ന വിലാസത്തില്‍ അയക്കണം. അല്ലാത്തപക്ഷം റിട്ടേണ്‍ അസാധുവാകും.

chandrika: