കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടി ഇടിച്ച സംഭവത്തില്‍ രണ്ടുപേർക്കെതിരെ കേസ്. ആംബുലൻസ്, പൊലീസ് ഡ്രൈവർമാർക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ് എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചു എന്നതാണ് രണ്ടു ഡ്രൈവർമാർക്കെതിരെയുമുള്ള കേസ്.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് അശ്വകുമാറിന്റെ മൊഴി പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കൊട്ടാരക്കര പുലമണിൽ അപകടം നടന്നത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും, രോഗിക്കും മറ്റൊരാളിനും പരിക്കേറ്റു. ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.