വിമാനത്തില്‍ സഹയാത്രികയുടെ വസ്ത്രത്തില്‍ മൂത്രമൊഴിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. മുംബൈ ബിസിനസുകാരനായ ശങ്കര്‍മിശ്രയെയാണ് കര്‍ണാടകയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. നവംബര്‍ 26ന് നടന്ന സംഭവം ഒതുക്കാന്‍ എയര്‍ഇന്ത്യ ശ്രമിച്ചുവെന്ന പരാതിക്കിടെയാണ്് പൊലീസ് പ്രതിയെ പിടികൂടുന്നത്. ശങ്കര്‍ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് ബെംഗളൂരുവില്‍ ഒരു സംഘത്തെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
അതേസമയം ഇയാളെ ജോലി ചെയ്യുന്ന കമ്പനി പുറത്താക്കി. വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയാണ് മിശ്രയെ പുറത്താക്കിയത്. മിശ്രയ്‌ക്കെതിരെയുള്ള ആരോപണം ഗൗരവതരമാണെന്ന് കമ്പനി വ്യക്തമാക്കി. ജീവനക്കാര്‍ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ശങ്കര്‍ മിശ്രയെ പുറത്താക്കുകയാണെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രയ്ക്ക് 30 ദിവസത്തെ യാത്രാവലിക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് വിമാനക്കമ്പനി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് കൂടുതല്‍ പേരെ ചോദ്യംചെയ്യും. വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കാട്ടി എയര്‍ ഇന്ത്യ സിഇജ ജീവനക്കാര്‍ക്ക് കത്ത് അയച്ചു. വീഴ്ച്ചകള്‍ ആവര്‍ത്തിക്കരുതെന്നും പ്രശ്മങ്ങളുണ്ടായാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
നവംബര്‍ 26ന് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ദേഹത്ത് മിശ്ര മൂത്രമൊഴിച്ചന്നൊണ് പരാതി. അതിക്രമം നടന്ന ശേഷം മറ്റൊരു സീറ്റ് കിട്ടാന്‍ അരമണിക്കൂര്‍ വിമാനത്തില്‍ നില്‍ക്കേണ്ടി വന്നെന്നും എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ക്യാബിന്‍ക്രൂ പരിഗണിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു.