X

ഒരു കോടി രൂപയിലധികം പിടിച്ചെടുത്ത സംഭവം: വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സുരേഷ് കുമാറിന്റെ പ്രവൃത്തി ഗുരുതര കൃത്യവിലോപമാണെന്ന് സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ പറയുന്നു. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങി വിജിലന്‍സ് പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ താമസ മുറിയില്‍ നിന്നും ഒരു കോടിയിലധികം തുക വിജിലന്‍സ് സംഘം കണ്ടെടുത്തത്. പാലക്കയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാര്‍ വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. തുടര്‍ന്ന് വൈകീട്ട് മണ്ണാര്‍ക്കാട് ആല്‍ത്തറയിലുള്ള ജി.ആര്‍ ബില്‍ഡിങ്ങിലെ താമസമുറി അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമ്പോഴാണ് വന്‍തുക കണ്ടെത്തിയത്.

സുരേഷ്‌കുമാറിന്റെ മുറിയില്‍ നിന്നും ആദ്യം 1.15 ലക്ഷമാണ് കിട്ടിയത്. തുടര്‍ന്ന് വിജിലന്‍സ് സംഘം വിശദമായി പരിശോധിക്കുന്നതിനിടെയാണ് വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കെട്ട് കണക്കിന് നോട്ടുകള്‍ കണ്ടെത്തിയത്. 35 ലക്ഷം രൂപ, 45ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ്, ബോണ്ടുകള്‍, 25 ലക്ഷത്തിന്റെ ബാങ്ക് സേവിങ്‌സ് പാസ്ബുക്ക്, 17 കിലോ തൂക്കമുള്ള വിവിധ നാണയങ്ങള്‍ എന്നിവയാണ് മുറിയില്‍ നിന്നും കണ്ടെത്തിയത്. വിജിലന്‍സ് ഡി.വൈ.എസ്.പി എസ്. ഷറഫുദ്ദീന്‍, വിജിലന്‍സ് സി.ഐ ഫിറോസ്, എസ്.ഐ സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് റൂമില്‍ പരിശോധന നടത്തിയത്. പാലക്കയം വില്ലേജ് പരിധിയില്‍ 45 ഏക്കര്‍ സ്ഥലമുള്ള മഞ്ചേരി സ്വദേശി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സുരേഷ് കുമാറിനെ വിളിച്ചപ്പോള്‍ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ മണ്ണാര്‍ക്കാട് താലൂക്ക് തല റവന്യൂ അദാലത്തില്‍ ഡ്യൂട്ടി ഉള്ളതിനാല്‍ എം.ഇ.എസ് കോളജ് പരിസരത്തേക്ക് എത്താനായിരുന്നു മഞ്ചേരി സ്വദേശിയോട് പറഞ്ഞിരുന്നത്. മണ്ണാര്‍ക്കാട് കോളജിനു മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് ബാബുവിന്റെ കാറില്‍വെച്ച് 2500 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.

webdesk11: