ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.