പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് തെലങ്കാന തിയേറ്ററുകളില്‍ കുട്ടികള്‍ക്ക് സമയ വിലക്ക് ഏര്‍പ്പെടുത്തി തെലങ്കാന ഹൈക്കോടതി. രാവിലെ 11 ന് മുന്‍പും രാത്രി 11 ന് ശേഷവും 16 വയസില്‍ താഴെയുള്ള കുട്ടികളെ സിനിമാ തിയേറ്ററുകളില്‍ പ്രവേശിക്കരുതെന്നാണ് ജസ്റ്റിസ് വിജയ്‌സെന്‍ റെഡ്ഡി ഉത്തരവിറക്കിയത്.
നിബന്ധന നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും തിയേറ്ററുകളോടും കോടതി നിര്‍ദേശിച്ചു. തെലങ്കാനയില്‍ സിനിമകള്‍ക്ക് പ്രത്യേക പ്രദര്‍ശനം അനുവദിക്കല്‍, ടിക്കറ്റ് നിരക്കിലെ വര്‍ധനവ് എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
രാവിലെയും രാത്രിയിലും സിനിമാ പ്രദര്‍ശനം കാണാന്‍ കുട്ടികളെ വിലക്കുന്ന സിനിമാട്ടോഗ്രാഫി ആക്ട് നിയമങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു. അത്തരം നിയന്ത്രണങ്ങള്‍ എത്രത്തോളം പ്രധാനമാണെന്ന് കാണിക്കുന്നതിന് പുഷ്പ 2 റിലീസ് ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.