X

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഷമീറയ്ക്ക് അക്യുപങ്ചർ നൽകിയയാള്‍ പിടിയില്‍

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍. യുവതിയെ ചികിത്സിച്ച, ബീമാപള്ളിയില്‍ ക്ലിനിക് നടത്തിയിരുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് എറണാകുളത്ത് നിന്ന് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേസിന്‍റെ ആദ്യ ദിവസം ഷിഹാബുദ്ദീനെ തേടി പൊലീസ് എത്തിയപ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. രജിസ്ട്രേഷൻ രേഖകൾ നൽകാൻ ഇയാൾ തയ്യാറായിരുന്നില്ല. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.  മരിച്ച ഷമീറയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയെയും മകളെയും കേസില്‍ പ്രതിചേർക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലും നടപടി ഉണ്ടായില്ല. ഷമീറയുടെ പ്രസവ സമയം ഭർത്താവ് നയാസിനൊപ്പം ആദ്യ ഭാര്യയും മകളും ഉണ്ടായിരുന്നതായി നയാസ് തന്നെ മൊഴി നൽകിയിട്ടുണ്ട്. അക്യുപങ്ചർ പഠിച്ച മകൾ പ്രസവം എടുക്കാൻ ശ്രമിച്ചെന്നും മൊഴി ഉണ്ട്. എന്നാൽ ഇവർ രണ്ടു പേർക്കും എതിരെ ഇതുവരെ കേസ് എടുത്തിട്ടില്ല.

പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു.

webdesk14: