അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാർക്ക് സസ്പെന്‍ഷന്‍. അധ്യാപിക ശുഭലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
അങ്കണവാടിയില്‍ വീണ മൂന്നുവയസുകാരിയുടെ കഴുത്തിന് പിന്നില്‍ ക്ഷതമേല്‍ക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് കുഞ്ഞ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ കുഞ്ഞിന്റെ തലയില്‍ രക്തം കട്ടപിടിക്കുകയും തോളെല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ നടത്തിയ സി.ടി സ്‌കാനില്‍ കുഞ്ഞിന്റെ തലയില്‍ ആന്തരിക രക്തസ്രാവം ഉണ്ടെന്നും സ്പൈനല്‍ കോഡില്‍ ക്ഷതമുണ്ടെന്നും കണ്ടെത്തുകയായിരുന്നു. നിലവില്‍ കുഞ്ഞ് ഐ.സി.യുവില്‍ ചികിത്സയിലാണ്.
പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു. കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ നല്‍കാനോ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. പരിക്കേറ്റ വിവരം തങ്ങളെ അറിയിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
പതിവ് പോലെ മകളെ മാറനല്ലൂരിലുള്ള അങ്കണവാടിയില്‍ നിന്നും രതീഷ് വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. പിന്നാലെ കുഞ്ഞ് നിര്‍ത്താതെ ഛര്‍ദ്ദിക്കുകയും ക്ഷീണിതയാകുകയും ആയിരുന്നു.
ആറ് കുട്ടികളാണ് മാറനല്ലൂര്‍ അങ്കണവാടിയില്‍ പഠിക്കുന്നത്. വൈഗയുടെ ഇരട്ട സഹോദരനും മാറനല്ലൂര്‍ അങ്കണവാടിയിലാണ് പഠിക്കുന്നത്.
രക്ഷിതാക്കള്‍ വിവരം തിരക്കിയതിനെ തുടര്‍ന്ന് വൈഗ ഉച്ചയ്ക്ക് ജനലില്‍ നിന്ന് വീണിരുന്നുവെന്ന് സഹോദരൻ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കണ്ടലയിലെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് എസ്.എ.ടിയിലേക്ക് മാറ്റുകയുമായിരുന്നു.
സംഭവത്തില്‍, കുഞ്ഞ് കസേരയില്‍ നിന്ന് വീണിരുന്നുവെന്നും രക്ഷിതാക്കളോട് പറയാന്‍ മറന്നു പോയെന്നുമാണ് അധ്യാപിക പ്രതികരിച്ചത്. കുട്ടിക്ക് മറ്റ്