X

പല്‍വാലില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തിലെ പ്രകോപന പ്രസംഗം; ഹരിയാന പൊലീസ് കേസെടുത്തു

ഹരിയാനയിലെ പല്‍വാലില്‍ ആഗസ്റ്റ് 13ന് നടന്ന സര്‍വ് ഹിന്ദു സമാജ് മഹാപഞ്ചായത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പോണ്ട്രി ഗ്രാമത്തില്‍ നടന്ന സമ്മേളനത്തില്‍ ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രൊബേഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ സച്ചിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മുസ്‌ലിം ആധിപത്യമുള്ള ജില്ലയായ നൂഹിലെ ഹിന്ദുക്കള്‍ക്ക് സ്വയംപ്രതിരോധത്തിനായി ആയുധ ലൈസന്‍സ് നേടുന്ന നടപടിയില്‍ ഇളവ് നല്‍കണമെന്ന് ചില ഹിന്ദു നേതാക്കള്‍ പരിപാടിയെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവന നടത്തല്‍ എന്നിവ പ്രകാരമാണ് തിങ്കളാഴ്ച ഹതിന്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ജൂലൈയിലെ വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട വി.എച്ച്.പിയുടെ ബ്രജ് മണ്ഡല്‍ യാത്ര ആഗസ്റ്റ് 28-ന് നൂഹില്‍ പുനരാരംഭിക്കാന്‍ ഹിന്ദു സംഘടനകളുടെ ‘മഹാപഞ്ചായത്ത്’ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 31ന് നൂഹില്‍ നടന്ന വി.എച്ച്.പി യാത്രയ്ക്കെതിരായ ആക്രമണത്തില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്നും നൂഹിനെ ഗോവധ രഹിത ജില്ലയായി പ്രഖ്യാപിക്കണമെന്നും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

 

webdesk13: