റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: കൂട്ടിലങ്ങാടി ജി. യു പി.സ്കൂളിൽ പുതുവർഷ സമ്മാനമായി വിദ്യാർത്ഥികൾക്ക് കായികപരിശീലനത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള ടർഫ് മൈതാനം ഒരുങ്ങി. സംസ്ഥാനത്ത് സർക്കാർ പ്രൈമറി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിക്കുന്ന ആദ്യ ടർഫ് ഗ്രൗണ്ടാണിത്. മുൻ എം.എൽ.എ ടി.എ.അഹമ്മദ് കബീറിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷത്തോളം രൂപ അടങ്കൽ നിശ്ചയിച്ച തുക ഉപയോഗിച്ചാണ് മൾട്ടി പർപ്പസ് മിനി ടർഫ് നിർമ്മിച്ചത്.
ശതാബ്ദി ആഘോഷിച്ച സ്കൂളിൻ്റെ കായിക വികസനം ലക്ഷ്യമാക്കി പ്രദേശത്തെ കായിക പ്രേമികൾ, പൂർവ്വ വിദ്യാർത്ഥികൾ, ക്ലബ് പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പോർട്സ് വികസന സമിതിയുടെ കൂട്ടായ്മയിൽ നിന്നാണ്
വിദ്യാർത്ഥികൾക്ക് കായികപരിശീലനത്തിന് മിനി ടർഫ് മൈതാനം എന്ന ആശയമുയർന്നത്. മങ്കട ഉപജില്ലയിലെ മികച്ച വിദ്യാലയമായ സ്കൂളിന് ആകെയുള്ള ഒരേക്കർ സ്ഥലത്ത് മൈതാനം ഒരുക്കുന്നതിനുള്ള സ്ഥലപരിമിതിയും പ്രയാസവും മനസ്സിലാക്കി എം.എൽ.എയായിരുന്ന അഹമ്മദ് കബീറിൻ്റെ താൽപര്യപ്രകാരം സർക്കാറിൽ നിന്ന് പ്രത്യേകാനുമതി ലഭ്യമാക്കുകയായിരുന്നു.
സ്കൂളിലെ പ്രധാന കെട്ടിടത്തിന് പിൻവശത്ത് പഞ്ചായത്ത് ബഹുവർഷ പദ്ധതിയിലൂടെ നിരപ്പാക്കിയെടുത്ത സ്ഥലത്ത് 45 മീറ്റർ നീളവും 13 മീറ്റർ വീതിയിലുമായി ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ കോർട്ട്, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഖോഖോ, ബോക്സിംഗ് തുടങ്ങിയ വിവിധ കായിക ഇനങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധം മിനി മൾട്ടി പർപ്പസ് ടർഫ് നിർമ്മിക്കുന്നതിന് സർക്കാർ അംഗീകൃത ഏജസിയായ സ്റ്റീൽ ഇൻ്റസ്ട്രീസ് ലിമിറ്റഡ് കേരള ( സിൽക്ക് ) നിർമ്മാണ ചുമതല ഏറ്റെടുക്കുകയും 2021 ഫെബ്രുവരിയിൽ എം.എൽ.എയായിരുന്ന അഹമ്മദ് കബീർ ശിലാസ്ഥാപനം നടത്തുകയും ചെയ്തെങ്കിലും സിൽക്ക് ഏർപ്പെടുത്തിയ കരാറുകാരൻ്റെ അനാസ്ഥകാരണം രണ്ടു വർഷം നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ല.
സ്കൂൾ പി.ടി.എ ജില്ലാ പഞ്ചായത്തിന് പരാതി നൽകിയതിനെ തുടർന്ന് മഞ്ഞളാംകുഴി അലി എം എൽ .എ ഇടപെട്ട് സാങ്കേതിക തടസ്സങ്ങൾ നീക്കി എസ്റ്റിമേറ്റ് പുതുക്കി ആറ് മാസം മുമ്പാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. പ്രവൃത്തി പൂർത്തിയായതിനാൽ പുതുവർഷ സമ്മാനമായി മൈതാനം ഇന്ന് ഉച്ചക്ക് രണ്ടിന് മഞ്ഞളാംകുഴി അലി എം.എൽ.എ വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കും.