X

സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തം; സര്‍ക്കാര്‍ പരിഹസിക്കുകയാണോയെന്നും പരാതിക്കാരി ഹര്‍ഷിന

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും സര്‍ക്കാര്‍ പരിഹസിക്കുകയാണോയെന്നും പരാതിക്കാരി ഹര്‍ഷിന. താന്‍ ഇത്രയും കാലം അനുഭവിച്ച വേദനയെ അപഹസിക്കലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം. ഇത്രയും കാലത്തെ ചികിത്സയ്ക്ക് തന്നെ നല്ലൊരു തുക ചെലവായിട്ടുണ്ട്. നഷ്ടപരിഹാരം സ്വീകരിക്കില്ലെന്നും സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ഹര്‍ഷിന പറഞ്ഞു.

കഴിഞ്ഞ മാസം അവസാനം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ സമരം ഇരുന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി നേരിട്ട് വന്ന് കണ്ടിരുന്നു. മന്ത്രി നിര്‍ദ്ദേശിച്ച പ്രകാരമാണ് വീണ്ടും നിവേദനം സ്പീഡ് പോസ്റ്റായും ഇ-മെയില്‍ ആയും അയച്ചത്. തന്റെ വേദന ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞ മന്ത്രി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് ആളെ കളിയാക്കുന്നതിന് തുല്യമാണെന്നും ഹര്‍ഷിന പറഞ്ഞു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഹര്‍ഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്.

webdesk11: