വളാഞ്ചേരി കൊളമംഗലത്ത് ബൈക്ക് അപകടത്തിൽ മരിച്ച അതിഥിത്തൊഴിലാളി യുവാക്കൾക്ക് കോട്ടപ്പുറം ജുമാ മസ്ജിദ് കബർസ്ഥാനിൽ അന്ത്യനിദ്ര. 3250 കിലോമീറ്റർ അകലെയുള്ള അസമിലെ നഗൗണിലേക്ക് മൃതദേഹങ്ങൾ എത്തിക്കാനുള്ള സാമ്പത്തികാവസ്ഥയിലല്ലാതിരുന്നതാണ് മരിച്ചവരുടെ ബന്ധുക്കൾ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
2 ലക്ഷം രൂപയോളം ആംബുലൻസിനു മാത്രം വാടകയിനത്തിൽ വരുമായിരുന്നു. തുടർന്നാണ് മൃതദേഹങ്ങൾ ഇവിടെ കബറടക്കാനുള്ള ധാരണയായത്. കോട്ടപ്പുറം മഹല്ല് കമ്മിറ്റി കബറടക്കത്തിനുള്ള സൗകര്യം ഇവിടെ നടത്താൻ വേണ്ട സഹായങ്ങളും ഒരുക്കി. വളാഞ്ചേരിയിലെ ബസ് ഓണേഴ്സ് സംഘവും ഒട്ടേറെ നാട്ടുകാരും ഒപ്പം ചേർന്നു. അസമിലെ നഗൗൺ ചെന്നിമണിബീൽ അബ്ദുൽ ഹുസൈന്റെ മകൻ രാഹുൽ അമിൻ (28), ചെന്നിമണിബീൽ സെയ്ഫുൽ ഇസ്‌ലാമിന്റെ മകൻ അമിറുൽ ഇസ്‌ലാം (27) എന്നിവരാണ് മരിച്ചത്.
നടക്കാവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മയ്യിത്തുകൾ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷമാണ് കോട്ടപ്പുറം പള്ളിയിലേക്ക് എത്തിച്ചത്. മരിച്ചവരുടെ ബന്ധുക്കളും ഒട്ടേറെ സുഹൃത്തുക്കളും പങ്കെടുത്തു.
പെരിന്തൽമണ്ണ റോഡിലെ കൊളമംഗലം കോതേത്തോടിനു സമീപം പാലത്തിനടുത്ത് സ്വകാര്യ ബസിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഏറെക്കാലം വളാഞ്ചേരിയിൽ താമസിച്ചിരുന്ന ഇവർ അടുത്തിടെയാണ് വേങ്ങരയിലേക്ക് താമസം മാറ്റിയത്. അവിടെ വാടക ക്വാർട്ടേഴ്സിലാണ് താമസം. കോൺക്രീറ്റ് പണിക്കാരായ ഇരുവരും പണി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.