വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ വാട്‌സ് ആപ് ഗ്രൂപ്പുകളിലെന്ന പോലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതീക്ഷിച്ചിരുന്ന റിപ്പോര്‍ട്ട് തന്നെയാണ് വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ വിവാദമായ ‘കാഫിര്‍’ പ്രയോഗവുമായി ബന്ധപ്പെട്ട് കേരള പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. റെഡ് എന്‍കൗണ്ടര്‍, പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍, മുന്‍ എംഎല്‍എ കെ.കെ. ലതികയുടെ ഫേസ്ബുക്ക് പോസ്റ്റും ഉള്‍പ്പെടെ 5 സി.പി.എം സൈബര്‍ പേജുകളിലും വാട്സാപ് ഗ്രൂപ്പുകളിലുമാണ് ഇത് പ്രചരിച്ചതെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും തലയില്‍ ചാരി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ ഏത് ഹീനമായ മാര്‍ഗവും അവലംബിക്കുമെന്നാണ് സിപിഎം തെളിയിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ‘കാഫിര്‍’ ആണെന്ന പ്രചരണം നടത്തിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. അത് സാമൂഹികമായി ഉണ്ടാക്കിയേക്കാവുന്ന ഭിന്നിപ്പിന്റെ ആഘാതം എന്തായിരിക്കുമെന്നത് പരിശോധിക്കേണ്ടതാണ്. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രചരണമാണ് സിപിഎം നടത്തിയതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു.
വിദ്വേഷ പ്രചരണത്തില്‍ ഗവേഷണം നടത്തുന്ന ബിജെപി പോലും സിപിഎമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തി നില്‍ക്കേണ്ട സ്ഥിതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിക്ക് യോജിച്ച പ്രവര്‍ത്തിയാണോ ഇതെന്ന് സിപിഎം പരിശോധിക്കണം. വ്യാജ സന്ദേശം ആരാണ് ഉണ്ടാക്കിയതെന്ന് പോലീസിന് അറിയാം. പക്ഷെ അവര്‍ക്ക് ഭയമാണ്. ഈ ഗൂഡാലോചന അന്വേഷിച്ചാല്‍ സി.പി.എമ്മിലെ ഉന്നതരായ നേതാക്കള്‍ കുടുങ്ങും. കോണ്‍ഗ്രസ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇതിന് അവസാനം കാണുന്നതു വരെ നിയമപരമായി പോരാടും. മുഹമ്മദ് കാസിം എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ തലയിലാണ് സിപിഎം ഇത് കെട്ടിവയ്ക്കാന്‍ ശ്രമിച്ചത്. സ്വന്തം ഫോണ്‍ പോലീസിന് മുന്നില്‍ ഹാജരാക്കി ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന ആ ചെറുപ്പക്കാരന്‍ കാട്ടിയ ധീരതയാണ് സത്യം പുറത്തുവരാന്‍ കാരണമായതെന്ന് വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഹീനമായ ഗൂഡാലോചനയാണ് സിപിഎം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. പരസ്യമായി ക്ഷമാപണം നടത്താനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും തയാറാകണം. സംഘപരിവാറിനെയും ബിജെപിയെയും പോലെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമവും സിപിഎം ഇനി നടത്തരുത്. അത്തരം ശ്രമങ്ങള്‍ കേരളീയ പൊതുസമൂഹത്തിന് അപകടകരമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഉന്നതരായ സിപിഎം നേതാക്കളുടെ അറിവോടെയുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രരണം നടത്തിയത്.
സമൂഹത്തെ രണ്ടായി തിരിച്ച് അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി വോട്ട് നേടി ജയിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. അതുതന്നെയാണ് സംഘപരിവാറും ചെയ്യുന്നത്. ഹൈക്കോടതി ആവശ്യപ്പെട്ടതു കൊണ്ടാണ് ഇപ്പോള്‍ പോലീസ് അന്വേഷിച്ചത്. അല്ലെങ്കില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഷാഫി പറമ്പിലിന്റെയും തലയില്‍ വച്ചേനെ. എത്ര ഗദ്ഗദകണ്ഠയായാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ പറഞ്ഞത്. എത്ര വലിയ ഗൂഡാലോചനയാണ് അതിന്റെ പിന്നില്‍ നടന്നത്. കെ.കെ. ലതികയ്ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. അന്വേഷിച്ചു പോയാല്‍ ചില കുടുംബങ്ങളില്‍ എത്തിച്ചേരുമെന്നും അതുകൊണ്ടാണ് പോലീസ് അന്വേഷിക്കാത്തതെന്നും സത്യം പുറത്തുവരുന്നതു വരെ നിയമപരമായി നേരിടുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.