X

ഉത്തര്‍പ്രദേശില്‍ റമദാന്‍ അത്താഴ ഭക്ഷണത്തിനായി റോഡരികില്‍ കാത്തുനിന്ന യുവാവിനെ വെടിവെച്ച് കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ യുവാവിനെ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തി. റമദാന്‍ വ്രതമെടുക്കുന്നതിന് മുന്നോടിയായുള്ള അത്താഴ ഭക്ഷണത്തിനായി റോഡരികില്‍ കാത്തുനിന്ന യുവാവിന് നേരെ ബൈക്കിലെത്തിയ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അലിഗഢിലെ റോറവാര്‍ സ്വദേശി ഹാരിസ് (25) ആണ് കൊല്ലപ്പെട്ടത്.

ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയതായിരുന്നു ഹാരിസ്. ബൈക്കിലെത്തിയ അക്രമി സംഘം വെടിവെക്കാന്‍ തുടങ്ങിയപ്പോള്‍ ഹാരിസ് സ്വയം രക്ഷ തീര്‍ക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ അത് വിഫലമായി. എന്നാല്‍ രണ്ടാമത്തെ വെടിയുണ്ട ഹാരിസിന്റെ ശരീരത്തില്‍ തുളച്ചുകയറി. നിലത്തുവീണ ഹാരിസിന്റെ നേര്‍ക്ക് തുരുതുരെ വെടിയുതിര്‍ത്തിട്ടാണ് അക്രമിസംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഹാരിസ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു

വെടിവച്ചതോടെ ഒപ്പമുണ്ടായിരുന്ന ഷുഹൈബ് ഓടിരക്ഷപെട്ടിരുന്നു. എന്നാല്‍ അക്രമികള്‍ ഇയാള്‍ക്കു നേരെയും വെടിയുതിര്‍തിരുന്നു. വ്യക്തിവൈരാഗ്യമാവാം ഹാരിസിനെതിരായ ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മറ്റ് വശങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

‘പുലര്‍ച്ചെ 3.30ഓടെയാണ് വെടിവയ്പ്പിനെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഹാരിസിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്’- അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മായങ്ക് പഥക് പറഞ്ഞു.

ഹാരിസ് തനിക്ക് ഒരു ഇളയ സഹോദരനെപ്പോലെയാണെന്ന് ബന്ധുവായ ഷുഹൈബ് പറഞ്ഞു. ‘ഞങ്ങള്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇവിടെ ഭക്ഷണം വാങ്ങാനായി എത്തിയത്. അപ്പോഴാണ് ഹാരിസിന് വെടിയേറ്റത്. ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. വെടിവച്ചവര്‍ ക്രിമിനലുകളാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk18: