X

വിശുദ്ധ ഭൂമിയില്‍-കണ്ണിയന്‍ മുഹമ്മദാലി

ഇത്തവണ മെനിഞ്ചറ്റിക്‌സ് കുത്തിവെപ്പും പോളിയോ തുള്ളിമരുന്നും ഹജ്ജ് കാമ്പില്‍ വെച്ചാണ് നല്‍കുന്നത്. കൂടാതെ കോവിഡ് ടെസ്റ്റും അവിടെ വെച്ച് നടക്കും. സര്‍ട്ടിഫിക്കറ്റുകളും അവിടെനിന്ന് ലഭിക്കും. ഹാജിമാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള എല്ലാ സൗകര്യവും ഹജ്ജ് കാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ഹാളില്‍ ഒത്ത്കൂടി ഹജ്ജ് കമ്മിറ്റിയും ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കേട്ട ശേഷം വിമാനയാത്രയുടെ 34 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ട് പോകും.

നെടുമ്പാശേരി വിമാനത്താവളത്തിലെ യാത്രാപരിശോധനകള്‍ക്ക്‌ശേഷം ലോഞ്ചില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാം. അവിടെ നമസ്‌കരിക്കാനും ടോയ്‌ലറ്റില്‍ പോകാനും സൗകര്യമുണ്ട്. അധികൃതരുടെ നിര്‍ദ്ദേശാനുസരണം വിമാനത്തില്‍ ക്യൂ പാലിച്ച് കയറുക.
അല്ലാഹുവിന് മുമ്പില്‍ വിനയാന്വിതരായി ദിക്‌റുകളും പ്രാര്‍ഥനകളുമായി വിമാനത്തില്‍ കയറുക. ഇനി മുതല്‍ കൂടുതല്‍ സമയവും അല്ലാഹുവിനെ സ്മരിക്കലും അല്ലാഹുവും തിരുനബി (സ) നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ആവേശവുമായിരിക്കണം നിങ്ങളുടെ മനസിലുണ്ടാവേണ്ടത്.

യാത്രാവേളയില്‍ ഉപയോഗിക്കാനുള്ള സാധനങ്ങള്‍ ഹാന്റ് ബേഗേജില്‍ നിന്നെടുത്ത് ഹാന്റ് ബേഗേജ് സീറ്റിന് മുകളിലുള്ള അറയില്‍ വെക്കുക. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്ന രീതി മനസിലാക്കുക. വിമാനത്തിനുള്ളില്‍ തണുപ്പ് കൂടുതലാണെന്ന് തോന്നുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കമ്പിളി ചോദിച്ചുവാങ്ങാവുന്നതാണ്. ഇരിപ്പിടത്തിലേക്ക് ഭക്ഷണം കൊണ്ടുവരും. മുന്‍ ഭാഗത്തുള്ള പാഡ് നിവര്‍ത്തി ഭക്ഷണപൊതി അതില്‍ വെച്ച് കഴിക്കാവുന്നതാണ്. ഭക്ഷണം ആവശ്യത്തിനുള്ളത് മാത്രം കഴിച്ച് ബാക്കിയുള്ളത് അവിടെ തന്നെ വെക്കുക. വിമാനത്തിലെ ടോയ്‌ലറ്റില്‍ വെള്ളം വളരെ കുറവായിരിക്കും. വെള്ളത്തിന്പകരം കൂടുതലും കടലാസ് ആണ് ഉപയോഗിക്കുന്നത്. ടോയ്‌ലറ്റില്‍ വെച്ച് വുളു ചെയ്യാനും മറ്റും പാടില്ല. ടോയ്‌ലറ്റിലെ തറയുടെ അടിഭാഗത്ത് ധാരാളം ഇലക്ട്രിക് വയറുകളും മറ്റും ഉള്ളത്‌കൊണ്ട് തറയില്‍ വെള്ളം വീണാല്‍ വൈദ്യുതി തകരാറ് സംഭവിച്ച് വിമാനത്തിന്റെ പ്രവര്‍ത്തനം അപകടത്തിലാവാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം തറയില്‍ വീഴാതെ സൂക്ഷിക്കേണ്ടതാണ്.

വിമാനത്തില്‍ നിന്നിറങ്ങിയതിന് ശേഷം വെയിറ്റിങ് ഹാളില്‍ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. വെയിറ്റിങ് ഹാളില്‍ അല്‍പ സമയം ഇരിക്കേണ്ടിവരും. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് ഇമിഗ്രേഷന്‍ ഹാളിലേക്ക് പോവുക. പുരുഷന്മാരും സ്ത്രീകളും പ്രത്യേകം വരികളായി നില്‍ക്കേണ്ടിവരുന്നത്‌കൊണ്ട് സ്വന്തം പാസ്‌പോര്‍ട്ട് അവനവന്‍ തന്നെ കൈയ്യില്‍ സൂക്ഷിക്കണം, എമിഗ്രേഷന്‍ കൗണ്ടറില്‍ കൈയ്യിന്റെയും കണ്ണിന്റെയും അടയാളങ്ങള്‍ എടുത്ത ശേഷം പാസ്‌പോര്‍ട് സീല്‍ ചെയ്തുതരും. അതുവാങ്ങി ലഗേജിന്റെ അടുത്ത് പോയി ലഗേജ് നിങ്ങള്‍ തന്നെ തിരഞ്ഞുപിടിച്ച് ട്രോളിയില്‍ വെച്ച് മുന്നോട്ട്‌നീങ്ങുക. അവിടെ വെച്ച് കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ബാഗുകള്‍ പരിശോധനക്ക്‌ശേഷം ലഗേജുമായി ഹോള്‍ഡിങ് ഏരിയയില്‍ നില്‍ക്കുക. ഇന്ത്യയുടെ ഹോള്‍ഡിങ് ഏരിയക്കു ചുറ്റും ദേശീയ പതാക വെച്ചിട്ടുണ്ടാവും. അവിടെ ടോയ്‌ലറ്റില്‍ പോവാനും നമസ്‌കരിക്കാനുമുള്ള സൗകര്യമുണ്ട്. കൂടാതെ നിങ്ങളുടെ സഹായത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുടെ സേവനവും ലഭിക്കും. ഹോള്ഡിങ് ഏരിയയില്‍നിന്ന് ബസില്‍ താമസ സ്ഥലത്തേക്ക് കൊണ്ട്‌പോവും. ഒരു കവറിലുള്ളവര്‍ മുഴുവന്‍ ഒരു ബസില്‍ തന്നെ കയറണം. കയറുന്ന ബസില്‍ തന്നെയാണ് ലഗേജുകള്‍ കയറ്റുന്നതെന്ന് ശ്രദ്ധിക്കണം. അതിന് ലഗേജുകള്‍ മുഴുവന്‍ കയറുന്ന ബസിനടുത്ത് തന്നെ വെക്കുക. ബസില്‍ വെച്ചോ അതിന്റെ തൊട്ടുമുമ്പോ മുതവ്വിഫിന്റെ പ്രതിനിധിയോ ബസ് ഡ്രൈവറോ ആവശ്യപ്പെടുമ്പോള്‍ പാസ്‌പോര്‍ട് മാത്രം ഏല്‍പിക്കുക. അവര്‍ നിങ്ങള്‍ക്ക് അവരുടെ അഡ്രസ് കാര്‍ഡ് നല്‍കുന്നതാണ്. പാസ്‌പോര്‍ട് പിന്നീട് ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന വേളയില്‍ ബസില്‍ വെച്ച് മാത്രമേ മടക്കി നല്‍കുകയുള്ളൂ. വിമാനമിറങ്ങിയ ശേഷം ഇത് വരെയുള്ള കാര്യങ്ങള്‍ക്ക് ഏകദേശം 34 മണിക്കൂര്‍ സമയം എടുക്കും. അത്‌കൊണ്ട് ഓരോ വേളയിലും ക്ഷമ കൈവിടാതെ പെരുമാറുക.

മദീനാ യാത്ര മസ്ജിദുന്നബവിയിലുള്ള പ്രാര്‍ത്ഥനകള്‍, മുത്ത് മുഹമ്മദ് മുസ്ഥഫ (സ) തങ്ങളുടെയും സന്തത സഹചാരിയായിരുന്ന അബൂബക്കര്‍ സിദ്ധീഖ്(റ), ഉമര്‍ (റ) തുടങ്ങിയവരുടെയും ഖബറുകള്‍ സിയാറത്ത് ചെയ്യുക എന്ന പുണ്യമാക്കപ്പെട്ട കര്‍മങ്ങള്‍ ചെയ്യുന്നതിനാണ്. മനസിന്റെ വിശാലത കൂട്ടണം. ഭക്തി വര്‍ധിപ്പിക്കണം. ഉച്ചത്തില്‍ സംസാരിക്കരുത്. തര്‍ക്കിക്കരുത്. വിശാലമായ മനസോടെയാവണം പുണ്യ റസൂലിന്റെ ഖബറിടം സന്ദര്‍ശിക്കുന്നതും സലാം പറയുന്നതും. എല്ലാവര്‍ക്കും ഒരേ കാറ്റഗറി താമസ സൗകര്യമാണുള്ളത്. താമസ സ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അനുവാദമില്ല. മലയാളികളുടെ ഹോട്ടലുകളുണ്ട്. മക്കയില്‍ നിന്ന് വ്യത്യസ്തമായി ബില്‍ഡിങുകള്‍ക്ക് പ്രത്യേക നമ്പറുകളില്ല. ബില്‍ഡിങില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് അഡ്രസ് കാര്‍ഡ് റിസപ്ഷനില്‍ നിന്ന് വാങ്ങി സൂക്ഷിക്കണം. തിരിച്ച് റൂമിലെത്താന്‍ ഇതാവശ്യമാണ്.
(തുടരും)

ഹജ്ജ് യാത്രയില്‍ അറിയേണ്ടത്-കണ്ണിയന്‍ മുഹമ്മദാലി (ഭാഗം1)

Chandrika Web: