സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടിയേരി പച്ചക്ക് വര്‍ഗീയത പറയുകയാണെന്നും കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതുപോലെ വര്‍ഗീയത പറഞ്ഞ ഒരു രാഷ്ട്രീയ നേതാവുണ്ടാകില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനായിരുന്നെന്നും കോണ്‍ഗ്രസ് അതിനെതിരെ വിമര്‍ശനം നടത്തിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
സിപിഎം അഖിലേന്ത്യ സെക്രട്ടറിമാര്‍, മുഖ്യമന്ത്രിമാര്‍, ജില്ലാ സെക്രട്ടറിമാര്‍ എന്നിവരില്‍ ന്യൂനപക്ഷത്തില്‍ നിന്ന് എത്രപേരുണ്ടെന്ന് പരിശോധന നടത്തി വൈദ്യര്‍ സ്വയം ചികിത്സ ആരംഭിക്കണമെന്നും സതീശന്‍ പരിഹസിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതി, സില്‍വര്‍ ലൈന്‍, സര്‍വകലാശാലകളിലെ രാഷ്ട്രീയവത്കരണം, ക്രമസമാധാന തകര്‍ച്ച തുടങ്ങയ വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന സംഭവങ്ങള്‍ ചര്‍ച്ചയാക്കാതെ മറ്റു വിഷയങ്ങളിലേക്ക് കൊണ്ടു പോകാനുള്ള കുഴിയില്‍ വീണുപോകാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്നും സതീശന്‍ ഓര്‍മപ്പെടുത്തി.