X

ചരിത്രവക്രീകരണ കാലത്ത് ശരിയായ ചരിത്ര പഠനവും സമരമാണ്: ഡോ.എം.പി അബ്ദുസ്സമദ് സമദാനി

കോഴിക്കോട് : പ്രതിലോമപരമായ രാഷ്ട്രിയ ചിന്തകളും പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ച് വരുന്ന ഇക്കാലത്ത് രാഷ്ട്രിയ പഠനങ്ങളെ പ്രബുദ്ധമാക്കണമെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പഞ്ചായത്ത് തലത്തില്‍ നടത്തുന്ന രാഷ്ട്രീയ പഠന വേദിയായ സീതി സാഹിബ് അക്കാദമിയ പാഠശാല ഫാക്കല്‍റ്റികള്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷട്രിയമെന്നത് അതില്‍ മാത്രം പരിമിതമായ പ്രതിഭാസമല്ല. ചരിത്രം, സംസ്‌കാരം ,സാമൂഹിക ശാസ്ത്രം എന്നിവയോടല്ലാം രാഷ്ട്രിയത്തിന് അഭേദ്യമായ ബന്ധമുണ്ട്. വിശേഷിച്ചും ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ഏക സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് രാഷ്ട്രിയത്തിന്റെ സാംസ്‌കാരികമായ അന്തര്‍ധാരകളെ ഒരിക്കലും അവഗണിച്ച് കൂടാന്‍ പാടില്ലാത്തതാണ്. ചരിത്രത്തെ വര്‍ഗ്ഗീയമായ അജണ്ടകള്‍ക്കും ധ്രുവീകരണ ലക്ഷ്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ അതിന്റെ ശരിയായ പഠനത്തിന്നും വ്യഖ്യാനത്തിനും വര്‍ദ്ധിച്ച പ്രസക്തിയുണ്ടെന്നും സമദാനി പറഞ്ഞു.

മുസ്ലിം ലീഗിന്റെ ചരിത്രം പ്രബുദ്ധമായ രാഷ്ട്രിയത്തിന്റെതാണ്. പൂര്‍വ്വകാല മുസ്ലിം ലീഗ് നേതാക്കള്‍ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയുമെല്ലാം പ്രസക്തി വേണ്ടത്ര മനസ്സിലാക്കിയിരുന്നു. രാഷ്ട്രിയത്തില്‍ മത ധാര്‍മ്മിക മൂല്യങ്ങള്‍ക്കുള്ള പങ്കും സ്വാധിനവും ഉള്‍ക്കൊണ്ടു കൊണ്ടാണ് അവര്‍ ചിന്തിച്ചതും പ്രവര്‍ത്തിച്ചതും. അതു തന്നെയാണ് ലീഗിന്റെ രീതിശാസ്ത്രം.മത വിശ്വാസത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും ഊന്നി നില്‍ക്കുമ്പോഴും അതിശക്തമായ മതേതരത്വമാണ് ലീഗ് രാഷ്ട്രിയത്തിന്റെ ഉള്ളടക്കം .ശരിയായ മതവിശ്വാസത്തിന് മതേതരത്വം എതിരല്ലെന്ന് മാത്രമല്ല അതിന് അനുയോജ്യവുമാണ്. മതം മുറുകെ പിടിച്ച് കൊണ്ട് തന്നെ മതേതര രാഷ്ട്രിയത്തെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാകുമെന്ന് തെളിയിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.ഇന്ത്യയുടെ ചരിത്രവും മതേതര ഇന്ത്യയുടെ നേതാക്കളും അത് തന്നെയാണ് പഠിപ്പിക്കുകയുണ്ടായത്.ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയും മറ്റൊന്നല്ലന്ന് സമദാനി പറഞ്ഞു.

മുസ്തഫ തന്‍വീര്‍ വിഷയാവതരണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാന്‍, ഷിബു മീരാന്‍, ടി. മൊയ്തീന്‍ കോയ, പി. എ സലീം, കെ. എം. എ റഷീദ്, എന്‍. കെ അഫ്‌സല്‍ റഹ്മാന്‍ പ്രസംഗിച്ചു.

 

webdesk11: