X

ക്ഷേത്രത്തിന് പൊലീസുകാരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് വിവാദത്തില്‍

കോഴിക്കോട്: ക്ഷേത്രത്തിന് വേണ്ടി പൊലീസുകാരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതിനെതിരെ കോഴിക്കോട് റൂറല്‍ എസ്.പി രംഗത്ത്. ജില്ലയില്‍ നിന്ന് പിരിവ് അനുവദിക്കില്ലെന്ന് കാണിച്ച് എസ്.പി ഡോ.എ ശ്രീനിവാസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

കോഴിക്കോട് മുന്‍ കമ്മീഷണര്‍ എ.വി ജോര്‍ജാണ് നിര്‍ബന്ധിത പിരിവിന് നിര്‍ദേശം നല്‍കിയത്. കമ്മീഷണറുടെ നിര്‍ദേശം പൊലീസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നും കത്തില്‍ പറയുന്നു. പൊലീസിന്റെ നിയന്ത്രണത്തിലുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിന് വേണ്ടി കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പൊലീസുകാരും നിര്‍ബന്ധ പിരിവ് നല്‍കണമെന്നായിരുന്നു വിരമിക്കുന്നതിന് തൊട്ടുമുമ്പ് എ.വി ജോര്‍ജിന്റെ സര്‍ക്കുലര്‍.

എല്ലാ പോലീസുകാരില്‍ നിന്നും പ്രതിമാസം 20 രൂപ വീതം സി.ഐമാര്‍ പിരിച്ച് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ക്ഷേത്രത്തിന് വേണ്ടി പിരിവ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവോ നിര്‍ദേശമോ നല്‍കിയിട്ടില്ലെന്ന് നിലവിലെ കമ്മീഷണര്‍ക്ക്, റൂറല്‍ എസ്പി നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എ.വി ജോര്‍ജിന്റെ സര്‍ക്കുലറിനെതിരെ പൊലീസുകാര്‍ ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസുകാര്‍ ഇപ്പോഴും നിര്‍ബന്ധിത അമ്പലപ്പിരിവ് നല്‍കുന്നുണ്ട്.

Test User: