X

നിര്‍മാണ മേഖലയിലും വിലക്കയറ്റം രൂക്ഷം; അഞ്ച് മാസത്തിനിടെ 35 ശതമാനം വര്‍ധന

കൊച്ചി: അരി ഉള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ക്കും പച്ചക്കറിക്കും പിന്നാലെ നിര്‍മാണ മേഖലയിലും വിലക്കയറ്റം രൂക്ഷമാവുന്നു. കഴിഞ്ഞ 5 മാസത്തിനിടെ 35 ശതമാനം വര്‍ധനവാണുണ്ടായത്. ചരിത്രത്തില്‍ ഇല്ലാത്ത വിധം കടുത്ത വിലക്കയറ്റം മൂലം നിര്‍മാണ മേഖല നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. സംസ്ഥാനത്തെ നിര്‍മാണ പ്രവൃത്തികളില്‍ 80 ശതമാനവും വീടുകളാണെന്നതിനാല്‍ എല്ലാ വിഭാഗം ജനങ്ങളെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്കിടെ ഒരു ടണ്‍ സ്റ്റീലിന് 20,000 രൂപയാണ് വര്‍ധിച്ചത്. ഒരു ബാഗ് സിമന്റിന് 100 രൂപ കൂടി കൂട്ടി. പെയിന്റ്, പിവിസി ഉത്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ സാമഗ്രികള്‍, ടൈല്‍സ് എന്നിവയ്ക്കും 15 ശതമാനം മുതല്‍ 30 ശതമാനം വരെ വില വര്‍ധിച്ചിട്ടുണ്ട്.

വിലക്കയറ്റം രൂക്ഷമായിട്ടും നിര്‍മാണ മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് നിര്‍മാണ മേഖലയിലെ എഞ്ചിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലെന്‍സ്‌ഫെഡ് കുറ്റപ്പെടുത്തുന്നു. നിര്‍മാണ മേഖലയിലെ മിക്ക ഉത്പന്നങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. ഇത് സിമന്റ്, സ്റ്റീല്‍ ഉത്പാദകര്‍ പരമാവധി മുതലെടുക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റിന്റെ ഉത്പാദനം 25 ശതമാനമെങ്കിലും വര്‍ധിപ്പിച്ചാല്‍ ഒരുപരിധി വരെ കുത്തക കമ്പനികളെ നിയന്ത്രിക്കാനാവും.

എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയാണ്. മണല്‍ ക്ഷാമം പരിഹരിക്കാനുള്ള ഡാംമണല്‍ ശേഖരണ പദ്ധതികളും ഇഴയുകയാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ലെന്‍സ്‌ഫെഡിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് 14 ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുന്നുണ്ട്.

Test User: