X

കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മലയാളി ഉൾപ്പടെ അഞ്ച് പേരുടെ വധശിക്ഷ നടപ്പിലാക്കി

അഷ്‌റഫ് ആളത്ത്

ദമ്മാം: പ്രവാസിയായ മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സൗദികൾ ഉൾപ്പടെ പ്രതികളായ അഞ്ചുപേരുടെ വധശിക്ഷ നടപ്പിലാക്കി. പ്രതികളിലും ഒരാൾ മലയാളിയാണ്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബുധനാഴ്ചയാണ് ശരീഅത്ത് കോടതിയുടെ ശിക്ഷാവിധി നടപ്പിലാക്കിയത്.

തൃശൂർ സ്വദേശി ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരന്മാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവരെയാണ് കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തിൽ വധശിക്ഷക്ക് വിധേയമാക്കിയത്.

കോഴിക്കോട് കൊടുവള്ളി മണിപുരം സ്വദേശി സമീറിനെയാണ് പ്രതികൾ ഗൂഡാലോചന ചെയ്ത് ദാരുണമായി കൊലപ്പെടുത്തിയത്.ചുള്ളിയാട്ട്പൊയിൽവീട്ടിൽ അഹമ്മദ് കുട്ടി -ഖദീ ജദമ്പതികളുമകനാണ് കൊല്ലപ്പെട്ട സമീർ. ജുബൈലിൽ തൊഴിൽ കുടിയേറ്റക്കാരനായിരുന്നു ഇദ്ദേഹം. 2016-നായിരുന്നു കേസിനാസ്പദമായ സംഭവം.
2016 ജൂലൈ ആറിന് കാണാതായ സമീറിനെ പിറ്റേന്ന് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

കുഴൽപ്പണ നടത്തിപ്പിലെ കണ്ണിയാണെന്ന് തെറ്റിദ്ധരിച്ച് ഭീഷണിപ്പെടുത്തി പണംതട്ടാൻ പ്രതികൾ സംഘം ചേർന്ന് സമീറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
അവരുടെ ക്രൂരമർദ്ധനത്തിൽ കൊല്ലപ്പെട്ട സമീറിനെ പിന്നീട് പ്രതികൾ വർക്ക് ഷോപ്പ് ഏരിയയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എന്നാൽ പഴുതടച്ച അന്യോഷണത്തിലൂടെ 17 ദിവസംകൊണ്ട് മുഴുവൻ പ്രതികളും ജുബൈൽ പൊലീസിൻറെ വലയിലായി.

കുഴൽപ്പണ സംഘത്തേയും മദ്യവാറ്റുകാരേയും ബ്ലാക്ക്‌മെയിൽ ചെയ്ത് കൊള്ളയടിക്കുന്ന സംഘമായിരുന്നു അഞ്ചംഗ പ്രതികൾ. ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെക്കുകയും സൗദികൾ ഉൾപ്പടെയുള്ള പ്രതികളുടെ ദയാഹരജി രാജഭരണകൂടം തള്ളുകയും ചെയ്തിരുന്നു. തുടർന്നാണ് ബുധനാഴ്ച വധശിക്ഷ നടപ്പിലാക്കിയത്. മാപ്പ് നൽകാൻ കൊല്ലപ്പെട്ട സമീറിൻറെ കുടുംബംമുഖേനയും പ്രതികളുടെ ബന്ധുക്കൾ ശ്രമം നടത്തിയിരുന്നു. വധശിക്ഷക്ക് വിധേയനായ അഞ്ചാമൻ ചേനിക്കാപ്പുറത്ത് സീദ്ദീഖ് തൃശൂർ ഏറിയാട് സ്വദേശിയാണ്.

webdesk14: