അഹമ്മദാബാദ്: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച നേതാക്കള്‍ക്ക് ഗുജറാത്തിലെ വോട്ടര്‍മാര്‍ പണികൊടുത്തു. കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് പോയ മുന്‍ പ്രതിപക്ഷ നേതാവ് ശേഖര്‍സിങ് വഘേലയടക്കം മധ്യ, വടക്കന്‍ ഗുജറാത്തില്‍ ഇത്തരത്തില്‍ കൂറുമാറി മത്സരിച്ച മിക്കയിടങ്ങളിലും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി.
എട്ടുപേരില്‍ മൂന്നുപേര്‍ മാത്രമാണ് വിജയിച്ചത്. അഹമ്മദ് പട്ടേലിനെതിരേ കൂറുമാറി വോട്ടുചെയ്ത 14 കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ എട്ടുപേര്‍ക്കാണ് ബി.ജെ.പി. സീറ്റുനല്‍കിയിരുന്നത്. ഇവരില്‍ അമുല്‍ ചെയര്‍മാനും പലവട്ടം എം.എല്‍.എ.യുമായിരുന്ന രാംസിങ് പാര്‍മര്‍ തസ്രയില്‍ തോറ്റു. അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടി വിവാദപുരുഷനായ രാഘവ്ജി പട്ടേലിന് ജാംനഗര്‍ റൂറലിലെ ജനങ്ങള്‍ വിജയം നിഷേധിച്ചു.
അഹമ്മദ് പട്ടേലിനൊപ്പം പത്രികാസമര്‍പ്പണത്തിനു പോയിട്ട് അടുത്തദിവസം ബി.ജെ.പി.യില്‍ ചേര്‍ന്ന തേജശ്രീ പട്ടേല്‍ വീരാംഗാമില്‍ തോല്‍വിയടഞ്ഞു. ഹാര്‍ദിക് പട്ടേലിന്റെയും അല്‍പ്പേഷ് ഠാക്കൂറിന്റെയും നാടുകൂടിയാണ് വീരാംഗാം. മാണ്‍സയില്‍ മത്സരിച്ച അമിത് ചൗധരിയും ബലാസിനോറില്‍ മാന്‍സിങ് ചൗഹാനും പരാജയപ്പെട്ടു.
ഗോധ്രയില്‍ സി.കെ. റൗള്‍ജി 258 വോട്ടിനാണ് കടന്നുകൂടിയത്. ബെംഗളൂരു റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എം.എല്‍.എമാരില്‍ കൂറുമാറിയ ഏകയാളായ കരംശി പട്ടേലിന്റെ മകന്‍ കനു പട്ടേല്‍ സാനന്ദില്‍ ബി.ജെ.പി.ക്കുവേണ്ടി ജയിച്ചു. ജാംനഗര്‍ വടക്ക് മണ്ഡലത്തിലെ ധര്‍മേന്ദര്‍ സിങ് ജഡേജയാണ് വിജയിച്ച മൂന്നാമന്‍.
ഇവരുടെയൊക്കെ നേതാവായ ശങ്കര്‍സിങ് വഗേലയുടെ പാര്‍ട്ടിക്ക് സീറ്റൊന്നും കിട്ടിയില്ല. 0.3 ശതമാനം വോട്ടാണ് ആകെ ലഭിച്ചത്.
ചതിയന്മാരായ നേതാക്കള്‍ക്ക് ജനം കൊടുത്ത മറുപടിയാണിതെന്നാണ് കൂറുമാറിയവരുടെ പരാജയത്തെകുറിച്ച് കോണ്‍ഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റ് ഭാരത് സിങ് സോളങ്കി പ്രതികരിച്ചത്. ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പാണ് കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ കൂറുമാറിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ വിഷമമുണ്ടെങ്കിലും കൂറുമാറിയവരുടെ പരാജയം ഗുജറാത്ത് ജനത കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
‘സ്വന്തം നേതാക്കളായിരുന്നവരെ തന്നെ നേരിടേണ്ടി വന്ന സീറ്റുകളിലെല്ലാം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഗുജറാത്ത് ജനത ചതിയന്മാരായ നേതാക്കളെയല്ല കോണ്‍ഗ്രസിനെയാണ് വിശ്വസിക്കുന്നതെന്ന് ഇത് തെളിയിക്കുന്നു.’ കോണ്‍ഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റ് ഭാരത് സിങ് സോളങ്കി കൂട്ടിച്ചേര്‍ത്തു.
നഗരങ്ങളില്‍ ബന്ധങ്ങളുടെയും അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തകരുടെയും കുറവു കാരണമാണ് പാര്‍ട്ടിക്ക് നഗരപ്രദേശങ്ങളില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സൂറത്ത്, വഡോദര പോലുളള മേഖലകളില്‍ പാര്‍ട്ടി വിജയിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെയെനനും അദ്ദേഹം അഭിപ്രായപ്പെട്ടു.