X
    Categories: indiaNews

രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവം; ബിജെപി നേതാവിന് മൂന്ന് വര്‍ഷം തടവ്

രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഭവാനി സിങ് രജാവത്തിന് മൂന്ന് വര്‍ഷം തടവ് വിധിച്ച് കോടതി.

2022ല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ എംഎല്‍എയുമായ ഭവാനി സിംഗ് രജാവത്തിനെ കോട്ടയിലെ പ്രത്യേക കോടതി വ്യാഴാഴ്ച മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. രജാവത്തിന് പുറമെ ഇയാളുടെ സഹായി മഹാവീര്‍ സുമനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എസ്സി/എസ്ടി കോടതി ഇരുവര്‍ക്കും 30,000 രൂപ പിഴയും വിധിച്ചു. ശിക്ഷ സസ്പെന്‍ഡ് ചെയ്യാന്‍ കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അന്നത്തെ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ രവികുമാര്‍ മീണയുടെ തോളില്‍ കയ്യിടുക മാത്രമാണ് താന്‍ ചെയ്തതെന്നും തല്ലിയിട്ടില്ലെന്നും വിധി ന്യായത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രജാവത്ത് അവകാശപ്പെട്ടു. വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്ഷേത്രത്തിന് സമീപമുള്ള റോഡിന്റെ അറ്റകുറ്റപ്പണി നിര്‍ത്തിയതിന് മുന്‍ എംഎല്‍എ മറ്റ് ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം തന്റെ ഓഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ആരോപിച്ച് 2022 മാര്‍ച്ചില്‍ നയാപുര പോലീസ് സ്റ്റേഷനില്‍ മീണ രജാവത്തിനെതിരെ പരാതി നല്‍കിയത് ശ്രദ്ധേയമാണ്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രജാവത്തിനെയും സുമനെയും 2022 ഏപ്രില്‍ 1 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിന് ശേഷം 10 ദിവസത്തിന് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങി.

 

 

 

webdesk17: