X

ഒളിംപിക്സ് ഫോട്ടോഗ്രാഫിയിലെ ഇന്ത്യൻ അൽഭുതം

പാരീസ്: എല്ലാ ഒളിംപിക്സ് വേദിയിലും സ്ഥിരമായി കാണുന്ന ഒരു മുഖമുണ്ട്-ശാന്തകുമാർ എന്ന കട്ടിമീശക്കാരൻ. ഡെക്കാൻ കോണികിൾ എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൻറെ ഫോട്ടോഗ്രാഫർ. ഇന്നലെ പാരിസ് ഒളിംപിക്സ് മീഡിയാ സെൻററിൽ ആദ്യമെത്തിയപ്പോൾ കണ്ടത് അദ്ദേഹത്തെ തന്നെ. പതിവ് ചിരി, ആശ്ശേഷം, സ്നേഹാന്വേഷണം. കേരളിയനാണ് ശാന്തകുമാർ. പക്ഷേ വർഷങ്ങളായി ബെംഗളുരു വാസി. ഒമ്പതാം തവണയാണ് അദ്ദേഹം ആഗോളകായികമാമാങ്കത്തിനായി എത്തുന്നത്. 1988 ലെ സിയോൾ ഒളിംപിക്സ് മുതൽ ആരംഭിച്ച യാത്ര.

കോവിഡ് കാരണം ടോക്കിയോവിൽ മാത്രമെത്തിയില്ല. 88 ൽ സോളിന് ശേഷം 92 ൽ ബാർസിലോണ,96 ൽ അറ്റ്ലാൻറ, 2000 ത്തിൽ സിഡ്നി, 2004 ൽ ഏതൻസ്, 2008 ൽ ബെയ്ജിങ്, 2012 ൽ ലണ്ടൻ, 2016 ൽ റിയോ, കോവിഡ് മഹാമാരി കാരണം ടോക്കിയോവിൽ നടന്ന ഒളിംപിക്സിൽ മാധ്യമങ്ങൾക്ക് എൻട്രി ഉണ്ടായിരുന്നില്ല. പാരിസിൽ എത്തി നിൽക്കുന്ന നേട്ടങ്ങളിൽ അദ്ദേഹത്തിൻറെ മനസിൽ നിറയുന്നത് 2008 ൽ ബെയ്ജിങ്ങിൽ നടന്ന മഹാമേളയാണ്. ചൈനക്കാരുടെ ഒരുക്കം അപാരമായിരുന്നു. ബെയ്ജിങ് വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ കണ്ടത് ബാനറുകളും ഒരുക്കങ്ങളും സ്വികരണവുമായിരുന്നു. പക്ഷിക്കൂട് എന്ന ആ വലിയ സ്റ്റേഡിയം തന്നെ വിസ്മയമായിരുന്നല്ലോ..
പിന്നെ വലിയ നേട്ടം ഷൂട്ടിംഗിൽ അഭിനവ് ബിന്ദ്ര സ്വന്തമാക്കിയ സ്വർണം.

ഒളിംപിക്സ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻറെ കന്നി വ്യക്തിഗത സ്വർണം. 2012 ലെ ലണ്ടനും ഇഷ്ടമായിരുന്നു. ഏതൻസ്, ബാർസിലോണ ഒളിംപിക്സുകൾക്ക് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നു. ചൈനയിൽ അത് കണ്ടില്ല. ഇപ്പോൾ പാരീസിലേക്ക് നോക്കുക-അവർക്കിത് മൂന്നാമത് ഒളിംപിക്സാണ്. വിമാനത്താവളം മുതൽ വലിയ ബഹളങ്ങളൊന്നും കാണുന്നില്ല. ഇന്ത്യൻ പ്രതിക്ഷകളെ ക്കുറിച്ച് ചോദിച്ചപ്പോൾ 117 അംഗ സംഘത്തിൽ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി നാലാം ഒളിംപിക്സിനെത്തുന്ന ചന്ദ്രികയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

webdesk14: