X

പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലല്ല: മാധവ് ഗാഡ്ഗില്‍

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ മനംനൊന്ത് മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകളെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴെന്നാണ് ചൊവ്വാഴ്ച രാവിലെ അദ്ദേഹം പ്രതികരിച്ചത്.

കേരളത്തിലെ അനിയന്ത്രിത നിര്‍മാണങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കുന്ന 13 വര്‍ഷം പഴക്കമുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്നീട് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്. 2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു.

മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെടും. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമായിരുന്നു. അനിയന്ത്രിതമായ ഭൂമികൈയേറ്റവും വനനശീകരണവും അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് പ്രളയദുരന്തങ്ങളിലേക്ക് കേരളത്തെ തള്ളിയിട്ടതെന്ന് 2018 സെപ്റ്റംബറില്‍ പുണെയിലെ അന്താരാഷ്ട്ര സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ ഗാഡ്​ഗിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രകൃതിസംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ഉറപ്പാക്കുന്നതിന് ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, അതൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രതിസന്ധിക്കു കാരണം. ജനങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. ഇതിനെതിരേ ജനങ്ങള്‍ സംഘടിക്കണം. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് സംസാരിക്കാന്‍പോലും ജനങ്ങള്‍ ഭയപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. നിലവിലുള്ള ത്രിതലപഞ്ചായത്ത് നിയമങ്ങളുടെ ബലത്തില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം അന്ന് ഓര്‍മ്മിപ്പിച്ചിരുന്നു.

webdesk13: