X

മോദിജിയുടെ ലോകത്ത് സത്യത്തെ പുറന്തള്ളാം, സത്യത്തിന്റെ ലോകത്ത് പറ്റില്ല; രാഹുൽ ഗാന്ധി

ലോക്സഭാ പ്രസംഗത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ന്യൂനപക്ഷങ്ങൾ, നീറ്റ് തർക്കം, അഗ്നിപഥ് പദ്ധതി എന്നിവയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ സ്പീക്കർ ഓം ബിർലയുടെ ഉത്തരവനുസരിച്ച് പാർലമെന്റിന്റെ രേഖകളിൽ നിന്ന് നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
‘മോദിജിയുടെ ലോകത്ത് സത്യത്തെ പുറന്തള്ളാം. എന്നാൽ സത്യത്തെ, സത്യത്തിന്റെ ലോകത്ത് നിന്ന് പുറന്തള്ളാൻ സാധിക്കില്ല എന്നതാണ് വാസ്തവം. എന്റെ വാക്കുകളെ അവർക്ക് എത്രവേണമെങ്കിലും നീക്കം ചെയ്യാം പക്ഷെ സത്യം സത്യമാണ്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഹിന്ദു പരാമർശത്തിനെതിരെ ലോക്സഭയിൽ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമാസക്തരെന്ന് വിളിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഹിന്ദു പരാമർശവും , വ്യവസായികളായ അദാനി അംബാനി എന്നിവരെക്കുറിച്ചുള്ള പരാമർശവും അഗ്നിവീർ പദ്ധതിയെക്കുറിച്ചുള്ള പരാമർശങ്ങളുമാണ് നീക്കം ചെയ്യപ്പെട്ട ഭാഗങ്ങൾ.
ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തിലും വിദ്വേഷത്തിലും ഇടപെടുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ ബി.ജെ.പി വൻ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
കുറഞ്ഞത് രണ്ട് തവണ ഇടപെട്ട മോദിയെക്കൂടാതെ കുറഞ്ഞത് അഞ്ച് ക്യാബിനെറ്റ് മന്ത്രിമാരെങ്കിലും ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ഇടപെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ ഹിന്ദു പരാമർശത്തിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെൻ്റിനുള്ള അഗ്നിവീർ പദ്ധതിയെയും രാഹുൽ ഗാന്ധി വിമർശിച്ചു. അഗ്നിവീർ സർക്കാരിനെ സംബന്ധിച്ചിടത്തോളം യൂസ് ആൻഡ് ത്രോ പദ്ധതിയാണെന്നും , കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇടപെട്ട് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ തള്ളി.
അതേ സമയം പ്രസംഗ ഭാഗങ്ങൾ നീക്കിയ നടപടിക്കെതിരെ രാഹുൽ സ്പീക്കർക്ക് കത്തയച്ചു. സ്പീക്കറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും നീക്കം ചെയ്ത ഭാഗങ്ങൾ പുനർസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

webdesk13: