X

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. മട്ടാഞ്ചേരി സ്മാര്‍ട്ട് കിഡ്‌സ് പ്ലേ സ്‌കൂളിനെതിരെയാണ് നടപടി. സ്‌കൂളിന് നോട്ടീസ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത സ്‌കൂളുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കി.

മൂന്നര വയസുകാരനെ മര്‍ദിച്ച അധ്യാപികയെ കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അധ്യാപികയായ സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

വിദ്യാര്‍ത്ഥിയെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വൈകീട്ട് വീട്ടിലെത്തിയ കുട്ടി വസ്ത്രം മാറുന്നതിനിടയ്ക്കാണ് കുട്ടിയുടെ ശരീരത്തില്‍ പാടുകളുള്ളത് രക്ഷിതാക്കള്‍ കണ്ടത്. ഇതേ കുറിച്ച് കുട്ടിയോട് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ അധ്യാപികയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

 

webdesk17: