മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. ചത്ത വവ്വാലുകളുടെ സ്രവം പരിശോധനക്കയച്ചു. സാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ അയച്ചത്. തിരുവാലിയിലെ പൂന്തോട്ടം എന്ന സ്ഥലത്തെ കാഞ്ഞിരമരത്തിലാണ് 15 വവ്വാലുകള്‍ ചത്തത്.
അതേസമയം, വവ്വാലുകള്‍ ചത്തത് കനത്ത ചൂട് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം തിരുവാലിയില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പും വനംവകുപ്പും പ്രദേശത്ത് പരിശോധന നടത്തിയത്.
സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത് എന്നാണ് സൂചന. വനം വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.