മുംബൈ: പോഷകാഹാര പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ബിസ്‌കറ്റ് കഴിച്ച് മഹാരാഷ്ട്രയില്‍ 80തോളം കുട്ടികള്‍ ആശുപത്രിയില്‍. ഛത്രപതി സാംബാജി നഗര്‍ ജില്ലയിലെ കെക്കെറ്റ് ജാല്‍ഗോണ്‍ ഗ്രാമത്തിലെ ജില്ലാ കൗണ്‍സിലിന്റെ കീഴിലുള്ള സ്‌കൂളിലായിരുന്നു സംഭവം.
ശനിയാഴ്ച രാവിലെ 8.30യോടെ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും ശര്‍ദ്ദിലും അനുഭവപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ‘ശനിയാഴ്ച രാവിലെ 8.30യോടെ ബിസ്‌ക്കറ്റ് കഴിച്ച 257 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 80 പേരെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ചിലരെ വീട്ടിലേക്കയച്ചു’- ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ബാബാസാഹേബ് ഘുഗെ പറഞ്ഞു.
ഗുരുതര രോഗലക്ഷണങ്ങൾ കണ്ട ഏഴ് വിദ്യാർഥികളെ കൂടുതൽ ചികിത്സയ്ക്കായി ഛത്രപതി സംഭാജിനഗർ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി ഘുഗെ പറഞ്ഞു. 296 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.