ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി(പി.എം.ജി.എസ്.വൈ)യില്‍ നിര്‍മ്മിച്ച പുതിയ പാലം ഉദ്ഘാടനത്തിന് മുന്നേ രണ്ടായി പിളര്‍ന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള സിയോണി ജില്ലയിലെ വൈംഗംഗ നദിയില്‍ നിര്‍മ്മിച്ച പുതിയ പാലം ഇന്ന് തകര്‍ന്നുവീണത്. ഷെഡ്യൂളിന് മുമ്പേ പണി പൂര്‍ത്തിയായ 150 മീറ്റര്‍ പാലത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിക്കുംമുമ്പേയാണ് തകര്‍ച്ച.
പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് ശൃംഖല പദ്ധതിയായ പി.എം.ജി.എസ്.വൈ പ്രകാരം 3.7 കോടി രൂപ ചെലവില്‍ പാലം നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായിരിക്കെ ബിജെപി സര്‍ക്കാറിന് കീഴിയില്‍ 2018 സെപ്റ്റംബര്‍ ഒന്നിനാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. തുടര്‍ന്ന് വന്ന കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിച്ച് വീണ്ടും ഭരണത്തിലേറിയ ചൗഹാന്റെ കാലത്താണ് പാലം പണി പൂര്‍ത്തിയാവുന്നത്. ബിജെപി എംഎല്‍എ രാകേഷ് പാല്‍ സിങിന്റെ മണ്ഡലത്തിലെ സന്‍വാര-ഭീംഗര്‍് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. യാത്രാ ആവശ്യങ്ങള്‍ക്കായി പ്രദേശവാസികള്‍ ഉപയോഗിച്ചുതുടങ്ങിയ പാലം കനത്ത മഴക്ക് പിന്നാലെ തകരുകയായിരുന്നു.
നിര്‍മ്മാണത്തിന് പിന്നാലെ പാലം തകര്‍ന്നതും അതിന്റെ ദൃശ്യങ്ങളും സംസ്ഥാനത്ത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തൂണുകള്‍ തകര്‍ന്ന വീണതോടെ പാലം രണ്ടായി വിഭജിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റവാളികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ രാഹുല്‍ ഹരിദാസ് അറിയിച്ചു.