പരിക്കില്‍ നിന്ന് മോചിതനായി സൂപ്പര്‍താരം ലയണല്‍ മെസി എത്തിയിട്ടും ബാഴ്‌സലോണ എഫ്‌സിക്ക് രക്ഷയില്ല. സ്പാനിഷ് ലീഗില്‍ ഗ്രാനഡയാണ് ബാഴ്‌സലോണക്ക് നാണംകെട്ട പരാജയം സമ്മാനിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെസിയും സുവാരസും ഗ്രീസ്മാനും അടങ്ങുന്ന ബാഴ്‌സലോണയെ ഗ്രാനഡ തകര്‍ത്തത്.
മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ഗ്രാനഡ ബാഴ്‌സയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. റാമോന്‍ അസീസാണ് ഗ്രാനഡയ്ക്ക് രണ്ടാം മിനുട്ടില്‍ അതിവേഗ ലീഡ് നേടിക്കൊടുത്തത്. മത്സരത്തിന്റെ സിംഹഭാഗവും പന്ത് കൈവശം വെച്ചതും കളിച്ചതും ബാഴ്‌സലോണ ആയിരുന്നെങ്കിലും മികച്ച ഗോളവസരങ്ങള്‍ തുറക്കാനോ ലക്ഷ്യം കാണാനോ കറ്റാലന്‍ പടയ്ക്ക് സാധിച്ചില്ല.
എന്നാല്‍ 66ാം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റി പിഴവ് കൂടാതെ വലയിലെത്തിച്ച് ഗ്രാനഡ ലീഡുയര്‍ത്തി. പ്രരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതരായ ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. പകരക്കാരനായാണ് മെസി ഇറങ്ങിയത്.