കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങിയ സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. കമ്പി വേലിയിലല്ല, മറിച്ച് കേബിള്‍ കെണിയിലാണ് കടുവ കുടുങ്ങിയതെന്നാണ് ഇപ്പോള്‍ വനംവകുപ്പ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ കൊട്ടിയുർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം തുടങ്ങി. പന്നികളെ ലക്ഷ്യമിട്ട് ആരോ സ്ഥാപിച്ച കെണിയിൽ കടുവ വീണുവെന്നാണ് വനം വകുപ്പിന്റെ നിഗമനം. സംഭവത്തിൽ ഉടമ സ്ഥലത്തില്ലാത്തതിനാൽ മൊഴി എടുക്കുന്നതിന് നോട്ടീസ് നൽകും.
വാഹനം കോഴിക്കോട് എത്തിയപ്പോഴാണ് കടുവ ചത്ത കാര്യം ഡോക്ടര്‍ മനസിലാക്കിയത്. രാവിലെ ആറ് മണിയോടെ തൃശൂര്‍ മൃഗശാലയില്‍ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കടുവയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കുന്നതിനുള്‍പ്പടെ സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ റബ്ബര്‍ ടാപ്പിങിന് പോയ തൊഴിലാളികളാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടത്.