പുരപ്പുറത്ത് കയറി നിന്ന് മുഖ്യമന്ത്രി മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടുകയും ചെയ്യുന്ന നയമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞ അതേ സര്‍ക്കാരാണ് അംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍ പോലും സെക്രട്ടേറിയറ്റില്‍ കയറുന്നത് വിലക്കിയത്. നിയമസഭയിലെ നടപടിക്രമങ്ങളും മാധ്യമങ്ങള്‍ക്ക് പകര്‍ത്താനാകാത്ത അവസ്ഥയാണ്. മാധ്യമങ്ങളെയും വിമര്‍ശിക്കുന്നവരെയും ചൂണ്ടു വിരല്‍ ഉയര്‍ത്തുന്നവരെയും മുഖ്യമന്ത്രിയും കൂട്ടരും പേടിക്കുകയാണ്. അതുകൊണ്ടാണ് കുട്ടിപ്പട്ടാളത്തെക്കൊണ്ട് ചുടുചോറ് മാന്തിച്ചത്. എന്തും ചെയ്യാന്‍ തയാറുള്ളൊരു സംഘം അവര്‍ക്കൊപ്പമുണ്ട്. കൊട്ടേഷന്‍, ക്രിമിനല്‍ സംഘങ്ങളെ സി.പി.എം സംരക്ഷിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്ന ജീര്‍ണതയുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഏഷ്യാനെറ്റിന് എതിരായ ആക്രമണം. അതിനെ യു.ഡി.എഫ് ശക്തമായി അപലപിക്കുന്നു. ഈ ധിക്കാരവും അഹങ്കാരവും അവസാനിപ്പിച്ചേ മതിയാകൂ. സി.പി.എം ഇപ്പോള്‍ ജനങ്ങളെ വെല്ലുവിളിച്ച് തുടങ്ങി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നതെന്ന വാദം തെളിയിക്കാനാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഉദ്ധരിച്ചത്. കേന്ദ്ര ഏജന്‍സി റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ വച്ച രേഖ വായിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം? അതൊരു രഹസ്യരേഖയല്ല, പബ്ലിക് ഡോക്യുമെന്റാണ്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്സാപ് സന്ദേശത്തിന്റെ വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പമുള്ളത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സുലേറ്റ് ജനറലും സ്വപ്ന സുരേഷും യോഗം ചേര്‍ന്നെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അതിന് മുഖ്യമന്ത്രി പൊട്ടിത്തെറിക്കുന്നത് എന്തിനാണ്? നിയമസഭയില്‍ എല്ലാവരും രേഖകള്‍ ഉദ്ധരിക്കാറുണ്ട് അദ്ദേഹം പറഞ്ഞു.
മോദിയും നിര്‍ദ്ദേശപ്രകാരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രസംഗങ്ങള്‍ സ്പീക്കര്‍ നീക്കിയതു പോലെയാണ് കേരളത്തിലും ചെയ്യുന്നത്. മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍. മോദി ചെയ്യുന്നത് അതേപടി കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. നിയമസഭയില്‍ നിന്നും ഇതൊന്നും നീക്കം ചെയ്യാനാകില്ല. പ്രതിപക്ഷം ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പച്ചക്കള്ളമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അനില്‍ അക്കരെ ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും പുറത്ത്കൊണ്ടു വന്നിട്ടുണ്ട്. ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിട്സ് നിയമസഭയില്‍ ഉദ്ധരിച്ചാല്‍ അത് രേഖയില്‍ നിന്നും നീക്കം ചെയ്യുമോ? അറസ്റ്റിലായ യുണിടാക് ഉടമയ്ക്ക് കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്. കോണ്‍സുലേറ്റാണ് ഇക്കാര്യം തീരുമാനിച്ചത്. എഫ്.സി.ആര്‍.എ ലംഘനം ഉള്‍പ്പെടെ നടന്നിട്ടുണ്ട്. ഇതൊക്കെ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. വായില്‍ തോന്നിയതല്ല, രേഖകള്‍ ഉദ്ധരിച്ചാണ് നിയമസഭയില്‍ പ്രസംഗിക്കേണ്ടത്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും അദ്ദേഹം കൂട്ടിചേര്‍ത്തു.