തിരുവനന്തപുരം: ‘വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല’ എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിച്ച് സജി ചെറിയാന്‍ മന്ത്രി സ്ഥാനമൊഴിയുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വാക്കുവീഴ്ചയിലെ രാജികളില്‍ ഒന്നുകൂടി. പ്രസംഗത്തിന്റെ പേരില്‍ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സജി ചെറിയാന്‍. പഞ്ചാബ് മോഡല്‍ പ്രസംഗത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള കോടതി വിധിയെ തുടര്‍ന്നാണ് ഒഴിഞ്ഞതെങ്കില്‍ സജി ചെറിയാന്റെ വിധി പാര്‍ട്ടിക്കു തന്നെ തീരുമാനിക്കേണ്ടിവന്നു.
ഒരു വാക്കിന്റെ പേരില്‍ കെ. കരുണാകരനും രാജിവെക്കേണ്ടി വന്നിട്ടുണ്ട്. ഇ.എം.എസും പാലോളി മുഹമ്മദ് കുട്ടിയും കോടതി നടപടി നേരിട്ടിട്ടുമുണ്ട്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാന്റെ വിധി പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെയാണ് കുറിച്ചത്. ഭരണഘടനയെ തൊട്ടു ചെയ്ത സത്യം ലംഘിച്ചത് ഭരണഘടനയെക്കുറിച്ചുള്ള വാക്കുകളിലൂടെ തന്നെയായത് സ്വാഭാവികമല്ല. ഇതാദ്യമല്ല സജി ചെറിയാനെ വാക്കുകള്‍ തിരിഞ്ഞു കൊത്തുന്നത്. ദത്ത് വിവാദത്തില്‍ അനുപമക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ കേരളമാകെ ഉലഞ്ഞിരുന്നു. പ്രളയകാലത്തു സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കി. ജനങ്ങള്‍ മുങ്ങിമരിക്കുകയാണെന്ന വിലാപം പ്രതിപക്ഷം ആയുധമാക്കി.