X

കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്‌നം

തിരുവനന്തപുരം: കേള്‍വിക്കുറവ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ‘എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

കുട്ടികളിലെ കേള്‍വിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കും. ഇതിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നവജാത ശിശുക്കളിലെ കേള്‍വിക്കുറവ് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടന്നുവരുന്നു. എല്ലാത്തരത്തിലുമുള്ള കേള്‍വി കുറവുകളും നേരത്തെ കണ്ടുപിടിച്ച് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ ഉള്‍പെടെയുള്ള എല്ലാ ചികിത്സയ്ക്കുമുള്ള സൗകര്യങ്ങള്‍ കേരളത്തിലുടനീളം 67 ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുണ്ട്. ശബ്ദമലിനീകരണവും മൊബൈലിന്റെയും ഹെഡ് സെറ്റിന്റെയും അമിത ഉപയോഗവും സാരമായ കേള്‍വിക്കുറവിന് കാരണമാകുന്നു. അതിനാല്‍ ബോധവത്ക്കരണവും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.

Test User: